ശ്രീലങ്കയ്‌ക്കെതിരായ നാലാം ട്വന്റി 20: ഇന്ത്യക്ക് ശക്തമായ ജയം
222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 191 റൺസിൽ ഒതുങ്ങി
തിരുവനന്തപുരം:ശ്രീലങ്കക്കെതിരായ നാലാം ട്വന്റി-ട്വന്റി മത്സരത്തിൽ ഇന്ത്യ ശക്തമായ ജയം സ്വന്തമാക്കി. 222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 191 റൺസിൽ ഒതുങ്ങി. തുടക്കത്തിൽ മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും ഇന്ത്യൻ ബൗളർമാരുടെ സമ്മർദ്ദത്തിന് മുന്നിൽ ലങ്കൻ ബാറ്റിംഗ് നിര തളർന്നു. ഇതോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 4–0ന് മുന്നിലെത്തി. പരമ്പരയിലെ അവസാന മത്സരം ചൊവ്വാഴ്ച കാര്യവട്ടത്ത് നടക്കും.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തി. ഓപ്പണർമാരായ സ്മൃതി മന്ദാനയും ഷെഫാലി വർമ്മയും ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സിന് ശക്തമായ തുടക്കം നൽകി. 48 പന്തിൽ 80 റൺസ് നേടിയ സ്മൃതി മികച്ച ഫോമിലേക്ക് മടങ്ങിയപ്പോൾ, ഷെഫാലി 46 പന്തിൽ 76 റൺസ് നേടി. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 162 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യൻ സ്‌കോർബോർഡിന് കരുത്തായത്.
അവസാന ഓവറുകളിൽ റിച്ച ഘോഷിന്റെ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യയെ 220 റൺസ് കടത്താൻ സഹായിച്ചു. 16 പന്തിൽ പുറത്താകാതെ 40 റൺസ് നേടിയ റിച്ച ഇന്നിംഗ്സിന്റെ റൺനിരക്ക് 11-ന് മുകളിലാക്കി. ഈ മത്സരത്തിൽ ടോപ് സ്‌കോററായ സ്മൃതി മന്ദാന, അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,000 റൺസ് എന്ന സുപ്രധാന നാഴികക്കല്ലും പിന്നിട്ടു. മറുപടി ബാറ്റിംഗിൽ ശ്രീലങ്കയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായതോടെ ലക്ഷ്യത്തിലെത്താൻ സാധിച്ചില്ല

