താനൂർ ശോഭപ്പറമ്പ് കലങ്കരി ഉത്സവത്തിൽ കതിന അപകടം; ആറുപേർക്ക് പരുക്ക്
വഴിപാടായി കതിനകളിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ തീപ്പൊരി പടർന്നതാണ് അപകടകാരണം
താനൂർ ശോഭപ്പറമ്പ് കലങ്കരി ഉത്സവത്തിനിടെ കതിനകളിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ആറുപേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വഴിപാടായി പൊട്ടിക്കാനായി തയ്യാറാക്കിയ കതിനകളിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെയാണ് തീപ്പൊരി പടർന്ന് അപകടം സംഭവിച്ചത്.
താനൂർ ചിറക്കൽ സ്വദേശികളായ തള്ളശ്ശേരി താഴത്ത് വേണുഗോപാൽ (54), കറുത്തേടത്ത് യാഹു (60), പാലക്കാട്ട് ഗോപാലൻ (47), ശോഭപ്പറമ്പ് സ്വദേശി പതിയംപാട്ട് രാമൻ (47), പൂരപ്പറമ്പിൽ വിനേഷ്‌കുമാർ (48), കാരാട് താമസക്കാരനായ വേലു (55) എന്നിവർക്കാണ് പരുക്കേറ്റത്. സംഭവസ്ഥലത്ത് വലിയ അളവിൽ വെടിമരുന്ന് സൂക്ഷിച്ചിരുന്നില്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായതായി അധികൃതർ പറഞ്ഞു.
വിവരമറിഞ്ഞതോടെ താനൂർ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആദ്യം മൂലക്കലി സ്വകാര്യ ആശുപത്രിയിലും പിന്നീട് കൂടുതൽ ചികിത്സയ്ക്കായി കോട്ടക്കലിലെ ആശുപത്രിയിലേക്കും മാറ്റി. പരുക്കുകൾ ഗുരുതരമല്ലെന്നും എല്ലാവരും അപകടനില തരണം ചെയ്തുവെന്നും അധികൃതർ അറിയിച്ചു. പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും ഉത്സവക്കമ്മിറ്റി വഹിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

