കലൂര്‍ സ്റ്റേഡിയത്തിലെ അപകടം: രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് എംഎല്‍എ
കൊച്ചി കോര്‍പറേഷനും ജിസിഡിഎക്കും സംഘാടകരായ മൃദംഗവിഷനും ഉമ തോമസ് വക്കീല്‍ നോട്ടീസ് അയച്ചു.
കൊച്ചി :കലൂര്‍ സ്റ്റേഡിയത്തിൽ നൃത്തപരിപാടി കാണാനെത്തിയപ്പോൾ, സ്റ്റേജിൽ നിന്നും വീണ് പരുക്കേറ്റ ഉമ തോമസ് എംഎല്‍എ നഷ്ടപരിഹാരത്തിനായി നിയമനടപടി തുടങ്ങി. 47 ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വന്ന തനിക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ഉമ തോമസിന്റെ ആവശ്യം. ഇതിനായി കൊച്ചി കോര്‍പറേഷനും ജിസിഡിഎക്കും സംഘാടകരായ മൃദംഗവിഷനും ഉമ തോമസ് വക്കീല്‍ നോട്ടീസ് അയച്ചു.
മതിയായ സുരക്ഷയൊരുക്കാതെ പരിപാടി നടത്തിയ മൃദംഗവിഷനും അനുമതി നല്‍കിയ കോര്‍പറേഷനും ജിസിഡിഎയും ഉത്തരവാദിത്വം നിർവഹിച്ചില്ലെ ന്നാണ് ഉമയുടെ ആരോപണം. സംഘാടകരായ മൃദംഗ വിഷൻ ആന്‍റ് ഓസ്കാർ ഇവന്റ് മാനേജുമെന്റിന്‍റെ വിശ്വാസ്യത പോലും പരിശോധിക്കാതെയാണ് ജിസിഡിഎ സ്റ്റേഡിയം അനുവദിച്ചതെന്ന് നോട്ടീസിൽ ആരോപിക്കുന്നു. തറനിരപ്പിൽ നിന്ന് 10.5 മീറ്റർ ഉയരത്തിൽ ഗാലറിയുടെ മുകളിൽ താൽക്കാലികമായി തയറാക്കിയ വേദിക്ക് യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ല.
മുൻനിര സീറ്റിന് മുൻ ഭാഗത്ത് ഉണ്ടായിരുന്നത് 50 സെന്റി മീറ്റർ സ്ഥലമാണ്. ഇതിലൂടെ നടക്കുമ്പോഴാണ് തലയടിച്ച് താഴെ വീണതെന്നും നോട്ടീസിൽ പറയുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 29ന് സ്റ്റേഡിയത്തില്‍ നടത്തിയ മെഗാനൃത്ത പരിപാടിക്കിടെയാണ് സ്റ്റേജില്‍ നിന്നും വീണ് ഉമാ തോമസിന് ഗുരുതര പരിക്കേറ്റത്.
ഗിന്നസ് വേൾഡ് റെക്കോർഡിനായി 12,000 ഭരതനാട്യം നർത്തകരെ അണിനിരത്തിയായിരുന്നു പരിപാടി നടത്തിയത്. കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വിഐപികൾ ക്കായി ഒരുക്കിയിട്ടുള്ള സ്‌റ്റേജിലേക്ക് വരുന്നതിനിടെ, എംഎൽഎ കാൽവഴുതി താഴെയുള്ള കോൺക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമാ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിച്ചു. 11 അടിയോളം ഉയരത്തിൽ നിന്നാണ് ഉമാ തോമസ് വീണത്.

