ശബരിമല സ്വർണമോഷണ കേസ്; ഡി മണിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തും
ഡി മണിയുടെ സാമ്പത്തിക ഇടപാടുകൾ, യാത്രകൾ എന്നിവയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് സാധ്യത.
പത്തനംതിട്ട :ശബരിമല സ്വർണമോഷണ കേസില്‍ ഡി മണിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തും. ഡി മണിയെ വീണ്ടും ചോദ്യം ചെയ്യാനാണ് എസ് ഐ ടി സംഘത്തിൻ്റെ നീക്കം. ഇയാളെ വിട്ടയച്ചെങ്കിലും ക്ളീൻ ചിറ്റ് നൽകാനായിട്ടില്ലെന്നാണ് എസ് ഐ ടി വിലയിരുത്തുന്നത്. ഡി മണിയുടെ സാമ്പത്തിക ഇടപാടുകൾ, യാത്രകൾ എന്നിവയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് സാധ്യത.
അതേസമയം, ശബരിമല കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഒരു വിദേശ വ്യവസായിയും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മണിയെയും ബാലമുരുകനെയും ചോദ്യം ചെയ്യാൻ എസ്‌ഐടി വിളിപ്പിച്ചത്. അഭിഭാഷകരുടെ സാന്നിധ്യത്തിലാണ് ഇരുവരും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്.
വിദേശ വ്യവസായി നൽകിയ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എസ് ഐ ടി ഡി മണിയിലേക്ക് എത്തിയത്. താൻ ഡി. മണിയോ ദാവൂദ് മണിയോ അല്ലെന്നും, സുഹൃത്ത് ബാലമുരുകന്റെ പേരിലുള്ള സിം കാർഡ് മാത്രമാണ് ഉപയോഗിക്കുന്നതെന്നും മണി നേരത്തെ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.

