നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നല്കി മുല്ലപ്പള്ളി രാമചന്ദ്രൻ
താൻ മത്സരിക്കുമോ എന്നത് കോണ്ഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നല്കി കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.താൻ മത്സരിക്കുമോ എന്നത് കോണ്ഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. കെപിസിസി പ്രസിഡന്റ് ആയിരുന്നതിനാലാണ് കഴിഞ്ഞ തവണ നിയമസഭയിലേക്ക് മത്സരിക്കാതിരുന്നത്. നിലവിൽ അത്തരം സാഹചര്യങ്ങളില്ലെന്നും മുല്ലപ്പള്ളി കണ്ണൂരില് മാധ്യമങ്ങളോട് പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് മതിയായ പരിഗണന നല്കണം.താൻ കെപിസിസി അധ്യക്ഷനായിരുന്ന സമയത്ത് 46 സീറ്റുകൾ സ്ത്രീകൾക്കും, യുവാക്കൾക്കും നല്കിയിരുന്നു. യുവാക്കൾക്കൊപ്പം തെരഞ്ഞെടുപ്പിൽ സീനിയർ നേതാക്കളും മത്സരിക്കണ മെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറയുകയുണ്ടായി.
ലോക്സഭയിലേക്ക് മത്സരിക്കാൻ ഇല്ലെന്ന് നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു. തന്റെ സ്ഥാനാർഥിത്വത്തിന് പാർട്ടി ഒരിക്കലും തടസം നിന്നിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

