അച്ഛന്റെ കൂട്ടിരിപ്പിനെത്തിയ മകൻ ആസ്പത്രി കെട്ടിടത്തിൽനിന്ന് ചാടിമരിച്ചു
അഗ്‌നിരക്ഷാസേന അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല
കണ്ണൂർ: രോഗിയായ അച്ഛന്റെ കൂട്ടിരിപ്പിനെത്തിയ മകൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയുടെ എട്ടാംനിലയിൽനിന്ന് ചാടിമരിച്ചു. ശ്രീകണ്ഠപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലിൽ വീട്ടിൽ ടോം തോംസൺ (40) ആണ് മരിച്ചത്. ശനിയാഴ്ച്‌ച പുലർച്ചെ ഒന്നോടെയാണ് സംഭവം.ടോമിൻ്റെ പിതാവ് തോമസ് ഹെർണിയ ശസ്ത്രക്രിയ കഴിഞ്ഞ് ഏഴാംനിലയിലെ വാർഡിൽ ചികിത്സയിലാണ്. നാലുദിവസം മുമ്പാണ് തോമസിനെ ശസ്ത്ര ക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആസ്പത്രിയിൽ ബഹളമുണ്ടാക്കിയ ടോം സുരക്ഷാജീവനക്കാരും മറ്റ് കൂട്ടിരിപ്പുകാരും ഇടപെട്ടതോടെ പുറത്തേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി. ഏഴാംനിലയിലെ ഏണിപ്പടിക്ക് സമീപത്തുനിന്ന് ജനലിലൂടെ പുറത്തേക്ക് കടന്നു. ഇതോടെ ആസ്പത്രി അധികൃതർ പയ്യന്നൂർ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്‌നിരക്ഷാസേന അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടർന്ന് അഗ്‌നിരക്ഷാസേന താഴെ വലവിരിച്ച് ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. ഇതിനിടയിൽ മുകളിലേക്ക് കയറിയ ടോം വലയില്ലാത്ത ഭാഗത്തേക്ക് ചാടുകയായിരുന്നു. ഉടൻ സേനാംഗങ്ങൾ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും മരിച്ചു. പരിയാരം പോലീസ് കേസെടുത്തു. ടോം തോസനും ഭാര്യയും തമ്മിൽ വിവാഹമോചനക്കേസ് നടക്കുന്നുണ്ട്. അമ്മ: ത്രേസ്യാമ്മ. ഭാര്യ: ജ്യോഷി മോൾ. മക്കൾ: ആഷിക്, അയോൺ. സഹോദരങ്ങൾ: അനിൽ, സുനി, സുമ, സുജ.

