മേപ്പയൂരിൽ അതിഥി തൊഴിലാളികൾക്ക് രാത്രികാല പരിശോധന സംഘടിപ്പിച്ചു
വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന 61 പേരെ സ്ക്രീനിങ്ങിന് വിധേയമാക്കി
മേപ്പയൂർ: അതിഥി തൊഴിലാളികളിൽ പകർച്ചവ്യാധികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലാമിസ്റ്റ് ടീമിന്റെ സഹകരണത്തോടെ മേപ്പയൂരിൽ രാത്രികാല പരിശോധന നടത്തി. മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ നരക്കോട് സെന്ററിൽ വച്ച് നടത്തിയ പരിശോധനയിൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന 61 പേരെ സ്ക്രീനിങ്ങിന് വിധേയമാക്കി. മലമ്പനി, മന്ത്, ക്ഷയരോഗം, ത്വക്ക് രോഗം എന്നിവയ്ക്കെതിരെയുള്ള പരിശോധന നടത്തി. പരിശോധനയുടെ ഫലം ലഭിക്കുന്ന മുറയ്ക്ക് ആവശ്യമുള്ളവർക്ക് ചികിത്സ നൽകുമെന്ന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ നജ്ല എം എ അറിയിച്ചു.
മിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോക്ടർ ഫർഹാൻ ഹാരിസ്, കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.നീതു, ആശാവർക്കർ വനജ, മിസ്റ്റ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി ബിജുലാ , ജി നീതു എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

