മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള ധനസഹായം തുടരും, സർക്കാർ ഉത്തരവിറക്കി
പ്രതിമാസം 9000 രൂപയാണ് ധനസഹായമായി നൽകുന്നത്
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്ത ബാധിതർക്ക് നൽകിവരുന്ന ധനസഹായം തുടരും. സ്വന്തം വീടുകളിലേക്ക് മടങ്ങുംവരെ വയനാട് മുണ്ടക്കൈ ദുരന്തത്തിന് ഇരയായവർക്ക് ജീവനോപാധി നൽകിവരുന്നത് നീട്ടാൻ സർക്കാർ ഉത്തരവായി. കുടുംബത്തിലെ രണ്ട് പേർക്ക് ദിവസവും 300 രൂപവീതം മാസം 9000 രൂപയാണ് നൽകുന്നത്. ധനസഹായം ജൂൺ വരെയോ വീട് നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറുന്നത് വരെയോ തുടരുമെന്ന് ഉത്തരവിൽ വ്യക്തമാക്കി.
ഡിസംബർവരെ 656 കുടുംബത്തിലെ 1185 ആളുകൾക്ക് 9000 രൂപ വീതം ജീവനോപാധി നൽകിയിരുന്നു. കിടപ്പുരോഗികളുള്ള കുടുംബത്തിലാ ണെങ്കിൽ മൂന്ന് പേർക്കാണ് സഹായം ലഭിക്കുക. ദുരന്തനിവാരണ നിയമപ്രകാരം മൂന്ന് മാസത്തേക്കാണ് ജീവനോപാധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ദുരന്തബാധിതരുടെ ആവശ്യപ്രകാരം ഡിസംബർ വരെ നീട്ടുകയായിരുന്നു. മുണ്ടക്കൈ-ചൂരൽമല ദുരിത ബാധിതർക്കുള്ള സർക്കാർ ധനസഹായ വിതരണം തുടരുമെന്ന് റവന്യൂ മന്ത്രി കെ രാജനും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പ്രതിമാസം നൽകി വരുന്ന 9000 രൂപ സഹായം വരും മാസങ്ങളിലും തുടരുമെന്ന് പറഞ്ഞ മന്ത്രി, ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നത് വരെ ധനസഹായം തുടരുമെന്നും പറഞ്ഞിരുന്നു. സാമ്പത്തിക സഹായം ലഭിക്കില്ലെന്ന് ബോധപൂർവമായ പ്രചരണം നടന്നെന്നും മന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധനസഹായവിതരണം നീട്ടിക്കൊണ്ടുള്ള ഉത്തരവ്.

