കൊയിലാണ്ടി പെരുവട്ടൂരിലും കാട്ടുപന്നി ശല്യം രൂക്ഷമായി
കിണറ്റിൽ വീണ പന്നിയെ വെടിവെച്ച് കൊന്ന ശേഷം കരയ്ക്ക് കയറ്റി
കൊയിലാണ്ടി: പെരുവട്ടൂരിൽ നിർമ്മാണത്തിലിരിക്കുന്ന കിണറിൽ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. ഐ എൻ എ റോഡിൽ മഠത്തിൽ കരുണൻ്റെ ഉടമസ്ഥതയുള്ള സ്ഥലത്തെ കിണറ്റിലാണ് പന്നി വീണത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽ നിന്ന് ഫോറസ്റ്റ് സംഘവും തോക്ക് ഉപയോഗിക്കാൻ പ്രത്യേകം പരിശീലനം ലഭിച്ച സംഘവും സ്ഥലത്തെത്തി. തുടർന്ന് പന്നിയെ വെടിവെച്ച് കൊന്ന ശേഷം കരയ്ക്ക് കയറ്റി. കൊയിലാണ്ടി നഗരസഭ ചെയർമാൻ യുകെ ചന്ദ്രനും നഗരസഭ അധികൃതരും ഉൾപ്പെടെയുള്ളവരും സ്ഥലത്തെത്തിയിരുന്നു.
പെരുവണ്ണാമുഴി ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫ് അംഗങ്ങളായ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രദീപ് ബൈജു, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് രവീന്ദ്രൻ പി പി, സീനിയർ ഗ്രേഡ് ഫോറസ്റ്റ് ഡ്രൈവർ പ്രകാശൻ കെ കെ, എൻ എം ആർ വാച്ചർ എ ഉണ്ണി എന്നിവർ നേതൃത്വം നൽകി.

