'എന്റെ മകന്‍ പാവമായിരുന്നു, ആരോടും അവന്‍ മോശമായി പെരുമാറിയിട്ടില്ല'; ദീപക്കിന്റെ അമ്മ
ഒരമ്മയ്ക്കും അച്ഛനും ഈ അവസ്ഥ ഉണ്ടാകരുത്
കോഴിക്കോട്: തന്റെ മകൻ പാവമായിരുന്നുവെന്നും ആരോടും ഇതുവരെ മോശമായി പെരുമാറിയിട്ടില്ലെന്നും ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ജീവനൊടുക്കിയ ദീപക്കിന്റെ അമ്മ. ഒരമ്മയ്ക്കും അച്ഛനും ഈ അവസ്ഥ ഉണ്ടാകരുതെന്നും ദീപകിൻ്റെ അമ്മ കന്യക പറഞ്ഞു. 'ഒരമ്മയ്ക്കുമിങ്ങനെ ഉണ്ടാകരുത്. ആര്‍ക്കും സഹിക്കാന്‍ പറ്റില്ല. എന്റെ മകന്‍ പാവമായിരുന്നു. അവന്‍ പേടിച്ചു പോയി. ഒരു പെണ്ണിനോടും, ആരോടും അവന്‍ മോശമായി പെരുമാറിയിട്ടില്ല. മുഖം കറുപ്പിച്ച് സംസാരിച്ചിട്ടില്ല. നല്ല മോനാണെന്ന് എല്ലാവരും പറയുമായിരുന്നു', അമ്മ പറഞ്ഞു. ഷിംജിതയെ പിടികൂടണമെന്നും എങ്കിൽ മാത്രമേ നീതി കിട്ടുകയുള്ളൂവെന്നും ദീപക്കിന്റെ അച്ഛന്‍ ചോയി പ്രതികരിച്ചു.
അതേസമയം, യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ ചിത്രീകരിച്ച യുവതി ഒളിവില്‍ പോയെന്നാണ് സൂചന. വടകര സ്വദേശി ഷിംജിതയ്‌ക്കെതിരെ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. ഇവര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് തെരച്ചില്‍ തുടങ്ങി. ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരെ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതി ഒളിവില്‍ പോയെന്നാണ് വിവരം. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനും യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാനുമാണ് നീക്കം. ഇൻസ്റ്റഗ്രാം വിവരങ്ങൾ ശേഖരിക്കാനായി സൈബർ പൊലീസിന്റെ സഹായം തേടി.

