ശാസ്ത്രീയ പരിശോധനകൾ പൂർത്തിയായില്ല; ശബരിമല സ്വർണക്കൊളള കേസിൽ കുറ്റപത്രം വൈകും
എസ്ഐടിക്കെ തിരെ വിമർശനം ശക്തമാകുന്ന തിനിടെ ഫെബ്രുവരി പത്തിനുള്ളിലെങ്കിലും കുറ്റപത്രം നൽകാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
പത്തനംതിട്ട : ശബരിമല സ്വർണക്കൊളള കേസിൽ കുറ്റപത്രം ഇനിയും വൈകും. ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാവാത്തതും അറസ്റ്റുകൾ ബാക്കിയുള്ളതുമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസമാകുന്നത്. എസ്ഐടിക്കെ തിരെ വിമർശനം ശക്തമാകുന്ന തിനിടെ ഫെബ്രുവരി പത്തിനുള്ളിലെങ്കിലും കുറ്റപത്രം നൽകാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
എന്നാൽ കുറ്റപത്രം വൈകിയാൽ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുളള പ്രതികൾ ജയിൽ മോചിതരാകും. സ്വർണക്കൊളള യിൽ അറസ്റ്റുകളുണ്ടായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്ത എസ്ഐടി നടപടി നീളുന്നത് പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടാൻ ഇടയാക്കുന്നുവെന്ന വിമർശനം വ്യാപകമാണ്. ഭാഗികമായ കുറ്റപത്രം നൽകാത്തത് എന്താണെന്നും അന്വേഷണം ഇഴയുന്നത് എന്താണെന്നുമുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.
സ്വർണക്കൊളള കേസിൽ കുറ്റമറ്റ കുറ്റപത്രം തയ്യാറേക്കണ്ടതു കൊണ്ടാണ് താമസമെന്നാണ് എസ്ഐടി വൃത്തങ്ങൾ പറയുന്നത്. നഷ്ടപ്പെട്ട സ്വർണം എത്രയെന്നും വാതിൽപാളികൾ ഉൾപ്പടെ മാറ്റിയോ എന്നുമെല്ലാം കണ്ടെത്തണം. ഇതിന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തത വരണം. 1998ൽ യുബി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞതിന്‍റെ കണക്കുകൾ കൃത്യമായ രേഖയില്ല. അതിനാൽ കൊളളയുടെ അളവ് തിട്ടപ്പെടുത്താൻ വിഎസ്എസ്‍സിയിലെ ഫലം ആശ്രയിക്കണം.
ശാസ്ത്രജ്ഞരുടെ മൊഴിയെടുക്കണം. ഭാഗിക കുറ്റപത്രം സ്വർണക്കൊളളകേസിൽ പ്രായോഗികമല്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. കുറ്റകൃത്യത്തിന്‍റെ വ്യാപ്തിയും നഷ്ടമായ സ്വർണത്തിന്‍റെ അളവും വ്യക്തമാകാതെ കുറ്റപത്രം നൽകിയാൽ കോടതിയിൽ നിലനിൽക്കില്ലെന്നാണ് വിലയിരുത്തൽ. കെപി ശങ്കരദാസിനെ ഉൾപ്പെടെ ചോദ്യം ചെയ്യാനും ബാക്കിയാണ്.

