77ാമത് റിപ്പബ്ലിക് ദിനം: ആഘോഷ നിറവിൽ രാജ്യം
തിരുവനന്തപുരത്തെ പരേഡിൽ ആദ്യമായി എൻഎസ്എസ് വൊളണ്ടിയർമാരും
ഡല്‍ഹി: രാജ്യം ഇന്ന് 77ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. റിപ്പബ്ലിക് ദിന പരേഡ് കര്‍ത്തവ്യപഥില്‍ നടക്കും. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്നതായിരിക്കും പരേഡ്. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വൊന്‍ ദെര്‍ ലെയന്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ് എന്നിവരാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥികള്‍. രാവിലെ 9.30ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും യുദ്ധസ്മാരകത്തിലെത്തുന്നതോടെ പരിപാടികള്‍ ആരംഭിക്കും.
പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കും. 10.30ന് പരേഡിന് തുടക്കമാകും. കേരളത്തിന്റേതടക്കം 30 ടാബ്ലോകള്‍ പരേഡില്‍ പ്രദര്‍ശിപ്പിക്കും. വാട്ടര്‍ മെട്രോയും ഡിജിറ്റല്‍ സാക്ഷരതയുമാണ് ഇത്തവണത്തെ കേരളത്തിന്റെ ടാബ്ലോ.

