വിളപ്പിൽശാല വിഷയം: ഡി വൈ എസ് പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് ഡിജിപി
പരാതി അന്വേഷിക്കണമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ നിർദേശം നൽകി
തിരുവനന്തപുരം: വിളപ്പിൽശാലയിൽ ചികിത്സ നിഷേധത്തെ തുടർന്ന് യുവാവ് മരിച്ചെന്ന ആരോപണത്തിൽ കുടുംബത്തിന്റെ പരാതിയിൽ ഡിജിപിയുടെ ഇടപെടൽ. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ പരാതി അന്വേഷിക്കണമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ നിർദേശം നൽകി. തിരുവനന്തപുരം റേഞ്ച് ഡിഐജിക്കാണ് ഡിജിപിയുടെ നിർദേശം. കുടുംബം മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഡിജിപിക്ക് കൈമാറിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോള്‍ നടപടിയുണ്ടായത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്വാസ തടസ്സത്തെ തുടർന്ന് വിളപ്പിൽശാല സ്വദേശിയായ ബിസ്മീർ(37) മരിക്കുന്നത്. പുലർച്ചയോടെ ബിസ്മീറിന് ശ്വാസതടസ്സം അനുഭവപ്പെട്ടു. തുടർന്ന് വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ഈ സമയം ആശുപത്രിയുടെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഏറെ വൈകിയാണ് ആശുപത്രിയുടെ അകത്ത് പ്രവേശിക്കാനായതെന്നും കുടുംബം പറഞ്ഞിരുന്നു. അകത്ത് കടന്ന ശേഷവും ഡോക്ടറുടെ സേവനം ലഭിക്കാൻ ഏറെ കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ ഡോക്ടർ വന്ന് പരിശോധിക്കുമ്പോൾ ബിസ്മീറിന്റെ നില ഗുരുതരമായി. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയാണ് ഡോക്ടർ ചെയ്തത്. ആശുപത്രിയിലെ തന്നെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ബിസ്മീർ മരിക്കുകയായിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നു.

