പഠനഭാരമുണ്ടെന്ന് കുട്ടികളുടെ പരാതി; പത്താംക്ലാസിൽ സിലബസ് 25 ശതമാനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
പത്താംക്ലാസിൽ സിലബസ് കൂടുതലാണെന്ന് പൊതുവെ പരാതിയുണ്ടെന്നും. അതിനാലാണ് സിലബസ് കുറയ്ക്കാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
കൊല്ലം: പത്താംക്ലാസിൽ അടുത്ത വർഷം മുതൽ സിലബസ് കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിനു സമീപത്തെ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റുമരിച്ച എട്ടാംക്ലാസ് വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിനുള്ള വീട് കൈമാറുന്ന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
ചടങ്ങിൽ പങ്കെടുക്കാനെത്തിയ മൂന്ന് കുട്ടികൾ മന്ത്രിയുടെ അടുത്തെത്തുകയും പഠനഭാരമുണ്ടെന്ന് പരാതിപ്പെടുകയും ചെയ്തു. തുടർന്ന് പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രി തീരുമാനം പ്രഖ്യാപിച്ചത്.
പത്താംക്ലാസിൽ സിലബസ് കൂടുതലാണെന്ന് പൊതുവെ പരാതിയുണ്ടെന്നും. അതിനാലാണ് സിലബസ് കുറയ്ക്കാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. അടുത്ത വർഷം മുതൽ ഇപ്പോഴുള്ള സിലബസിന്റെ 25 ശതമാനം കുറയും. കരിക്കുലം കമ്മിറ്റി ഇത് അംഗീകരിച്ചുകഴിഞ്ഞു. ഉള്ളടക്കത്തിൽ വലിയ വ്യത്യാസമുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.
മിഥുന്റെ കുടുംബത്തിനുള്ള വീട് ശനിയാഴ്ച കൈമാറി. രാവിലെ ഒമ്പതിന് പടിഞ്ഞാറെകല്ലട വിളന്തറയിലുള്ള മിഥുന്റെ വീട്ടിൽ നടന്ന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി വീടിന്റെ ഉദ്ഘാടനം നിർവഹിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ മിഥുന്റെ മാതാപിതാക്കൾക്ക് താക്കോൽ കൈമാറി.

