പോറ്റിക്ക് ഇന്ന് നിർണായകം; കട്ടിളപ്പാളി കേസിൽ ജാമ്യം തേടിയുള്ള അപേക്ഷയിൽ വിധി ഇന്ന്
ജാമ്യം ലഭിച്ചാൽ ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങും
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കട്ടിളപ്പാളി കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഇന്ന് നിര്‍ണായകം. സ്വാഭാവിക ജാമ്യം തേടിയുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. ഇക്കഴിഞ്ഞ ജനുവരി 21ന് ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലക കേസില്‍ കര്‍ശന ഉപാധികളോടെയായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നും സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നു മായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം. തൊണ്ണൂറ് ദിവസത്തിലധികമായി ജയിലില്‍ കഴിയുകയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. കട്ടിളപ്പാളി കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പുറത്തിറങ്ങും. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ കൂടുതല്‍ കേസുകളെടുക്കാനുള്ള എസ്‌ഐടിയുടെ നീക്കം പാളി. സാമ്പത്തിക തട്ടിപ്പില്‍ കേസുകളെടുക്കാനുള്ള നീക്കം എസ്‌ഐടി ഉപേക്ഷിച്ചു. പരാതിക്കാര്‍ വീണ്ടും വരാന്‍ തയ്യാറാകാത്തതാണ് തിരിച്ചടിയായിരിക്കുന്നത്. നിലവിലുള്ള റിയല്‍ എസ്റ്റേറ്റ്, ചെക്ക് കേസുകള്‍ ഒത്തുതീര്‍പ്പായി.
കോടതിയില്‍ തിരിച്ചടിയാകുമെന്നും എസ്‌ഐടി വിലയിരുത്തുന്നു. പുതിയ പരാതിക്കാരെ കണ്ടെത്താനാവാത്തതും തിരിച്ചടിയാണ്. ഇതോടെ പുറത്തിറങ്ങുന്ന പോറ്റിയെ അറസ്റ്റ് ചെയ്യാനാവില്ല. ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ മൂന്ന് പേരാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവായിരുന്നു ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ആദ്യ ആള്‍.
ദ്വാരപാലക കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിന് ജാമ്യം ലഭിക്കുകയായിരുന്നു. കൊല്ലം വിജിലന്‍സ് കോടതിയായിരുന്നു ജാമ്യം അനുവദിച്ചത്. റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകരണം, തെളിവുകള്‍ നശിപ്പിക്കരുത് തുടങ്ങിയ വ്യവസ്ഥകളായിരുന്നു കോടതി മുന്നോട്ടുവെച്ചത്.

