എക്സൈസ് മിന്നൽ പരിശോധനയിൽ വൻ ഹാൻസ് ശേഖരം പിടികൂടി
കൽപ്പറ്റ മണിയങ്കോട് ഭാഗത്തെ വാടക വീട്ടിൽ നിന്നാണ് പിടികൂടിയത്
വയനാട്: കൽപ്പറ്റ മണിയങ്കോട് ഭാഗത്തെ വാടക വീട്ടിൽ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ഹാൻസ് ശേഖരം പിടികൂടി. നിരോധിത പുകയില ഉൽപ്പന്നമായ 6390 പാക്കറ്റ് ഹാൻസാണ് ഇവിടെ നിന്നും കണ്ടെടുത്തത്. സംഭവത്തിൽ ഹാൻസ് സൂക്ഷിച്ച കമ്പളക്കാട് അട്ടശ്ശേരി വീട്ടിൽ അഷ്റഫ് എ.കെ (39) ക്കെതിരെ കേസെടുത്തു.
കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ ടി.യുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്. കോട്‌പ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രിവൻ്റീവ് ഓഫീസർ ലത്തീഫ് കെ.എം, സിവിൽ എക്സൈസ് ഓഫീസർമാരായ സജിപോൾ, പ്രണവ് എസ്.എൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ഈ ശൃംഖലയിലെ മറ്റു കണ്ണികളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.

