2023ല്‍ നഷ്ടം നാല് കോടി, ഇത്തവണ ജയലക്ഷ്മിയിൽ കത്തിയമര്‍ന്നത് എത്ര?
മുൻപ് ഇതേ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായപ്പോൾ ഷോർട്ട് സർക്യൂട്ടായിരുന്നു വില്ലനായത്
കോഴിക്കോട് : ജയലക്ഷ്മി ടെക്‌സ്‌റ്റൈൽസിൽ തീപിടിച്ച സംഭവത്തിൽ കോടികളുടെ നഷ്ടമുണ്ടായതായി കണക്കു കൂട്ടലുകൾ. വിവാഹ സീസൺ കൂടി ആയതിനാൽ വലിയ സ്‌റ്റോക്കാണ് ഷോറൂമിൽ ഉണ്ടായിരുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. റംസാൻ, ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങളുടെ വരവ് കൂടി കണക്കാക്കിയുള്ള സ്‌റ്റോക്കും സ്ഥാപനത്തിലുണ്ടായിരുന്നു.ഇന്നലെ രാത്രി പടർന്നുതുടങ്ങിയ തീ ഇന്ന് രാവിലെ പുലർച്ചയോടെയാണ് പൂർണമായും അണയ്ക്കാനായത്. സംഭവത്തിൽ ഫയർ ഓഫീസർ പ്രാഥമിക റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. തീപിടിത്ത കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടക്കും. ജയലക്ഷ്മി ടെക്‌സ്റ്റൈൽസിന്റെ ഉടമകളായ സഞ്ജയ് കമ്മത്ത്, ഗോവിന്ദ് കമ്മത്ത് എന്നിവർ കോഴിക്കോട്ടേക്ക് ഇന്ന് എത്തും. അതിനുശേഷമാകും തീപിടിത്തത്തിലുണ്ടായ നഷ്ടം മാനേജ്‌മെന്റ് ഔദ്യോഗികമായി അറിയിക്കുക.
2023ൽ ഇതേ സ്ഥാപനത്തിൽ തീപിടിത്തമുണ്ടായിരുന്നു. അന്ന് നാല് കോടിയുടെ നഷ്ടം സംഭവിച്ചു എന്നായിരുന്നു മാനേജ്‌മെന്റ് അറിയിച്ചത്. ഇത്തവണ നഷ്ടം ഇതിനേക്കാൾ കൂടുതലായിരിക്കു മെന്നാണ് കരുതപ്പെടുന്നത്. മുൻപ് തീപിടിത്തത്തിന് കാരണമായത് ഷോർട്ട് സർക്യൂട്ടായിരുന്നു. ഇത്തവണത്തെ കാരണം വിശദ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ. വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങൾ സൂക്ഷിച്ച ഗോഡൗണിന്റെ ഭാഗത്ത് നിന്നുമാണ് തീ ആദ്യം ആളിപ്പടർന്നതെന്നാണ് ഇതുവരെയുള്ള വിവരം.

