മലപ്പുറം പി മൂസ അവാർഡ് കെ. അജിതയ്‌ക്ക്
മെയ് ആദ്യവാരം അവാർഡ് സമ്മാനിക്കും.
കോഴിക്കോട്: കേരള പത്ര പ്രവർത്തക യൂണിയന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച മലപ്പുറം പി മൂസയുടെ സ്‌മരണക്കായി സീനിയർ ജേണലിസ്‌റ്റ്‌സ് ഫോറം കോഴിക്കോട് ജില്ലാകമ്മിറ്റി ഏർപ്പെടുത്തിയ അവാർഡിന് സ്‌ത്രീ വിമോചനത്തിനും സ്‌ത്രീകളുടെ ശാക്തീകരണത്തിനും വേണ്ടി നാലു പതിറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന കെ. അജിത അർഹയായി.
സാമൂഹികരംഗത്ത് തനതായ സംഭാവനകൾ നൽകുന്ന വ്യക്തികളെ ആദരിക്കാനാണ് മലപ്പുറം പി മൂസ അവാർഡ് സീനിയർ ജേണലിസ്‌റ്റ്‌സ് ഫോറം ഏർപ്പെടുത്തിയത്. അവാർഡ് നിർണയിക്കുന്നതിന് മുതിർന്ന പത്രപ്രവർത്തകരായ എൻ പി രാജേന്ദ്രൻ, എൻ പി ചെക്കുട്ടി, പി ദാമോദരൻ എന്നിവരെ ഫോറം ചുമതലപ്പെടുത്തിയിരുന്നു. അവരുടെ ഏകകണ്‌ഠമായ ശുപാർശയനുസരിച്ചാണ് അജിതയ്‌ക്ക് അവാർഡ് നൽകാൻ തീരുമാനിച്ചത്. സ്‌ത്രീ വിമോചനം, മനുഷ്യാവകാശ സംരക്ഷണം, സ്‌ത്രീ–പുരുഷ സമത്വം, സ്‌ത്രീകളുടെ ജനാധിപത്യ അവകാശങ്ങൾ, സ്‌ത്രീ ശാക്തീകരണം എന്നീ ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിച്ച് അജിത നടത്തിയ പോരാട്ടങ്ങളും ഇന്നും തുടരുന്ന പ്രവർത്തനവും പരിഗണിച്ചാണ് അജിതയെ കമ്മിറ്റി അവാർഡിന് ശുപാർശ ചെയ്‌തത്.
കമ്യൂണിസ്‌റ്റ് പാർട്ടിയുടെ പ്രമുഖ പ്രവർത്തകരായിരുന്ന കുന്നിക്കൽ നാരായണൻ്റെയും മന്ദാകിനിയുടെയും മകളായി 1950ൽ കോഴിക്കോട്ടാണ് അജിതയുടെ ജനനം. അച്ഛന്റെ പിന്തുണയിലും പ്രോത്സാഹന ത്തിലും അജിതയും കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടു. 1968 മുതൽ 1983 വരെ അവർ നക്‌സലൈറ്റ് പ്രസ്ഥാനത്തിൽ സജീവമായിരുന്നു. പുൽപ്പളളി പൊലീസ് സ്‌റ്റേഷൻ ആക്രമണക്കേസിൽ 1968 മുതൽ 1977 വരെ ജയിലിൽ കഴിഞ്ഞു. താൻ കമ്യൂണിസ്‌റ്റ് ആശയങ്ങളിലേക്ക് പോയതിൽ അച്ഛൻ അത്യധികം സന്തോഷിച്ചിരുന്നുവെന്ന് അജിത തന്റെ ഓർമക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിരുന്നു.അജിതക്ക് ഗുരുനാഥനും സുഹൃത്തും സഖാവുമായിരുന്നു അച്ഛൻ. ‘എല്ലാവർക്കും മാതൃകയായിരിക്കണം ജീവിതം’ എന്നാണ് അച്ഛൻ മകൾക്ക് നൽകിയ പ്രധാന ഉപദേശം. സ്‌ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് സംഘടിത രൂപം നൽകാനാണ് ‘അന്വേഷി’ എന്ന പ്രസ്ഥാനം 1993ൽ അജിത ആരംഭിച്ചത്.
കൗൺസലിങ്, നിയമസഹായം, സാമൂഹിക സേവന പ്രവർത്തനം, ആരോഗ്യ പരിപാലന പരിപാടികൾ എന്നിവയിലൂടെ ‘അന്വേഷി’ സ്‌ത്രീ ശാക്തീകരണ രംഗത്ത് തനതായ സംഭാവനകൾ നൽകിവരുന്നു. കൗൺസലിങ്ങിലൂടെയും സാമൂഹിക ഇടപെടലുകളിലൂടെയും ഓരോ വർഷവും നൂറുകണക്കിന് കുടുംബങ്ങളെ അന്വേഷി പ്രതിസന്ധിയുടെ കയത്തിൽനിന്ന് രക്ഷപ്പെടുത്തുന്നുണ്ട്. സ്‌ത്രീകൾക്കായി ഇപ്പോൾ ഒരു ഷോർട്ട് സ്‌റ്റേ ഹോമും അന്വേഷി നടത്തുന്നു. ‘അന്വേഷി’യിൽ അജിതയെ സഹായിക്കാനായി ഇരുപതോളം സന്നദ്ധ പ്രവർത്തകരുണ്ട്.
മലപ്പുറം പി മൂസയുടെ പേരിലുള്ള ആദ്യ അവാർഡിന് അർഹനായത് കോംട്രസ്‌റ്റ് കണ്ണാശുപത്രിയുടെ സ്ഥാപകൻ കെ കെ എസ് നമ്പ്യാരാണ്. പതിനായിരത്തിയൊന്ന് രൂപയും ശിൽപ്പവുമാണ് അവാർഡ്. അജിതക്ക് കോഴിക്കോട് നഗരം നൽകുന്ന വലിയ ആദരമായി അവാർഡ്‌ദാന പരിപാടി മാറ്റാനാണ് സീനിയർ ജേണലിസ്‌റ്റ്‌സ് ഫോറം ഉദ്ദേശിക്കുന്നത്. മെയ് ആദ്യവാരം അവാർഡ് സമ്മാനിക്കും.

