കേരളത്തിൽ സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കുതിപ്പ്; പ്രവേശനം നേടുന്നവരുടെ എണ്ണത്തിൽ വൻ വർധന
സംസ്ഥാനത്തെ മറ്റ് പ്രമുഖ സർവ്വകലാശാലകളിലും സമാനമായ രീതിയിൽ പ്രവേശന നിരക്ക് ഉയർന്നിട്ടുണ്ട്.
തിരുവനന്തപുരം :കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ സാങ്കേതിക കോഴ്സുകൾക്ക് വലിയ സ്വീകാര്യതയേറുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിവിധ സർവ്വകലാശാലകളിൽ പ്രൊഫഷണൽ കോഴ്സുകൾക്ക് ചേരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ ശൃംഖലയിലുള്ള വിദ്യാർത്ഥികളുടെ വർധിച്ചുവരുന്ന ആത്മവിശ്വാസമാണ് ഈ മുന്നേറ്റത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.
എഞ്ചിനീയറിംഗ് അനുബന്ധ കോഴ്സുകളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സീറ്റുകളുള്ള എപിജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല യിലാണ് ഈ മാറ്റം ഏറ്റവും പ്രകടമായിരിക്കുന്നത്. സർവകലാശാലയിലെ മൊത്തം പ്രവേശനം 2021-22 കാലയളവിലെ 55 ശതമാനത്തിൽ നിന്നും 2025-26 ആയപ്പോഴേക്കും 72 ശതമാനമായി ഉയർന്നു. കണക്കുകൾ പ്രകാരം ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ ഉൾപ്പെടെയുള്ള ആകെ പ്രവേശനം 30,907-ൽ നിന്നും 49,110 ആയി വർധിച്ചിട്ടുണ്ട്. അംഗീകൃത സീറ്റുകളുടെ എണ്ണം 67,974 ആയി വർധിപ്പിച്ചിട്ടും ഒഴിവ് വരുന്ന സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി എന്നത് ശ്രദ്ധേയമാണ്. വിദ്യാർത്ഥികൾ ക്കിടയിൽ കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ് വിഭാഗത്തോടുള്ള താല്പര്യം ഇക്കാലയളവിലും തുടരുന്നു.
സംസ്ഥാനത്തെ മറ്റ് പ്രമുഖ സർവ്വകലാശാലകളിലും സമാനമായ രീതിയിൽ പ്രവേശന നിരക്ക് ഉയർന്നിട്ടുണ്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ എഞ്ചിനീയറിംഗ് പ്രവേശനം 1,530-ൽ നിന്നും 1,656 ആയി വർധിച്ചു. കാലിക്കറ്റ് സർവ്വകലാശാലയിൽ ഇത് 218-ൽ നിന്ന് 263 ആയും കേരള സർവ്വകലാശാലയിൽ 221 ആയും രേഖപ്പെടുത്തിയിട്ടുണ്ട്. കോർ എഞ്ചിനീയറിംഗ് വിഷയങ്ങൾക്ക് പുറമെ ഡിപ്ലോമ, പോളിടെക്നിക് മേഖലകളിലും ഈ വളർച്ച ദൃശ്യമാണ്. പോളിടെക്നിക് സ്ഥാപനങ്ങളിലെ ആകെ പ്രവേശനം 30,780-ൽ നിന്നും 34,783 ആയി ഉയർന്നു.
റെഗുലർ ഡിപ്ലോമ സീറ്റുകളിലും ലാറ്ററൽ എൻട്രി വഴിയുള്ള പ്രവേശനത്തിലും വലിയ തോതിലുള്ള വർധനവുണ്ടായിട്ടുണ്ട്. ബി ആർക്ക്, ബിഎച്ച്എംസിടി, ബി ഡിസൈൻ തുടങ്ങിയ കോഴ്സുകളിലും കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് മികച്ച പ്രവേശനമാണ് ലഭിക്കുന്നത്. ഇതിൽ ബിസിഎ കോഴ്സുകൾക്ക് ചേരുന്നവരുടെ എണ്ണം 347-ൽ നിന്ന് 744 ആയി ഇരട്ടിയിലധികം വർധിച്ചു. ബിബിഎ കോഴ്സു കളിലും വലിയ തോതിലുള്ള വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

