കൊയിലാണ്ടിയിൽ ലോറിക്ക് തീപിടിച്ച് ക്യാബിനിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു
രക്ഷാ സേനയുടെ രണ്ട് യൂണിറ്റെത്തി തീയണച്ചു
കൊയിലാണ്ടി: കാലിത്തീറ്റയുമായി പോവുകയായിരുന്ന ലോറിക്ക് തീപിടിച്ചു. ലോറിയുടെ ക്യാബിനിലാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ 5.45 ഓടെയായിരുന്നു സംഭവം. നാമക്കലിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്നു ലോറി. പഴയ ചിത്രാടാക്കീസിന് സമീപം വച്ച് ലോറിയുടെ ക്യാബിനിനൽ നിന്ന് തീയും പുകയും ഉയരുന്നത് ലോറി നിർത്തി ഡ്രൈവർ പുറത്തേക്ക് ഇറങ്ങി. തുടർന്ന് നിമിഷങ്ങൾക്കുള്ളിൽ ക്യാബിനിൽ തീപടർന്നു. ക്യാബിനിൽ സൂക്ഷിച്ചിരുന്ന പാചകത്തിന് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയും ചെയ്തു.
ക്യാബിൻ പൂർണമായും കത്തി നശിച്ചു. കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേനയുടെ രണ്ട് യൂണിറ്റെത്തിയാണ് തീ പൂർണമായും അണച്ചത്. അസി. സ്റ്റേഷൻ ഓഫീസർ പിഎം അനിൽ കുമാർ, സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഷിജി, ഫയർ ഓഫീസർമാരായ ജാഹിർ, സുഹേഷ്, ലിനീഷ് കുമാർ, ഷാജു, നവീൻ കുമാർ, ഹോംഗാർഡുമാരായ ഷൈജു, സുധീഷ്, അനിൽകുമാർ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

