മദ്യനിരോധന സമിതി, പ്രചാരണ ജാഥക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി '
ബാറുകളുടെ സമയം ദീർഘിപ്പിച്ച് നൽകിയത് ഫണ്ട് നൽകിയതിനുള്ള പ്രത്യുപകാരമാണ്
കൊയിലാണ്ടി: 'നാടെങ്ങും മദ്യമൊഴുക്കി, കുടുംബം തകർത്ത എൽ.ഡി.എഫിന് വോട്ടില്ല' എന്ന മുദ്രാവാക്യവുമായി കേരള മദ്യനിരോധന സമിതി, ആരംഭിച്ച പ്രചാരണ ജാഥയുടെ സ്വീകരണ യോഗങ്ങൾ ഇന്ന് കോഴിക്കോട്, കൊയിലാണ്ടി എന്നിവിടങ്ങളിൽ നടന്നു. വൈകുന്നേരം നാല് മണിക്ക് കുറ്റ്യാടിയിലും 5.30ന് വടകരയിലും സ്വീകരണയോഗമുണ്ടാകും. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറയ്ക്കും' എന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം നല്‌കിയ എൽ.ഡി.എഫ് അധികാരം ലഭിച്ചപ്പോൾ മുമ്പൊരിക്കലും ഉണ്ടാകാത്തവിധം മദ്യലഭ്യതയും ഉപയോഗവും കേരളത്തിൽ വർധിപ്പിക്കുകയാണെന്ന് മദ്യനിരോധന സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. 'ഞങ്ങൾ തുറക്കുന്നത് ബാറുകളല്ല, സ്ക്കൂളുകളായിരിക്കും' എന്ന് പരസ്യം നല്‌കി വോട്ട് നേടിയവർ ഒൻപതര വർഷത്തിനിടെ സംസ്ഥാനത്ത് ബാറുകൾ 30 ഇരട്ടി വർധിപ്പിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മദ്യ നിയന്ത്രണാധികാരം റദ്ദ് ചെയ്‌തും ദേവാലയങ്ങളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും മദ്യശാലകൾ പാലിക്കേണ്ട ദൂര വ്യവസ്ഥ ലഘൂകരിച്ചും മദ്യവ്യാപനത്തിന് കൂട്ടുനിൽക്കുകയാണ്. ഏറ്റവുമൊടുവിൽ ബാറുകളുടെ പ്രവർത്തന സമയം 2 മണിക്കൂർ വർധിപ്പിച്ച് രാത്രി 12 മണി വരെയാക്കി. ബാറുകളുടെ സമയം ദീർഘിപ്പിച്ച് നൽകിയത് ഫണ്ട് നൽകിയതിനുള്ള സി.പി.എമ്മിന്റെ പ്രത്യുപകാരമാണ്.

