വടകരയിൽ വയോധികയെ കൊടുവാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ
ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയായിരുന്നു സംഭവം
വടകര: വയോധികയെ കൊടുവാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച അയൽവാസി അറസ്റ്റിൽ. വടകര അറക്കൽ മാളിയേക്കൽ സ്വദേശി പറമ്പിൽ പുഷ്‌പയെയാണ് അയൽവാസി ആക്രമിച്ചത്. തലയിൽ വെട്ട് കൊണ്ട് ഗുരുതരമായി പരിക്കേറ്റ പുഷ്പയെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസിയായ ശ്രീജിത്തിനെ ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയായിരുന്നു സംഭവം. ശ്രീജിത്ത് തന്നെ നിരന്തരം അസഭ്യം വിളിക്കുന്നത് പുഷ്‌പ ചോദ്യം ചെയ്‌തിരുന്നു. ഇതിലുള്ള വൈരാഗ്യത്തിലായിരുന്നു ആക്രമണം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് വധശ്രമക്കുറ്റം ചുമത്തി ശ്രീജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ്റ് ചെയ്തു. കഴുത്തിന് പിന്നിലും കൈയിലും വെട്ടേറ്റ പുഷ്‌പയെ വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.

