പോലീസിന്റെ ഡ്രൈവർ സീറ്റിലേക്ക് ആദ്യമായി ഒരു പെൺകുട്ടി വരുന്നു
കഠിനമായ പരിശ്രമത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്
കോതമംഗലം: അസാധ്യമായത് ഒന്നുമില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് കോതമംഗലത്തിന്റെ അഭിമാനമായ മുഹ്സിന. പി എസ് സി പരീക്ഷ കടന്നു കേരള പോലീസിന്റെ ഡ്രൈവർ സീറ്റിലേക്ക് ആദ്യമായി എത്തുന്ന പെൺകുട്ടി എന്ന അപൂർവ്വ നേട്ടത്തിലേക്ക് കൂടിയാണ് മുഹ്സിന ഡ്രൈവ് ചെയ്യുന്നത് .നെല്ലിക്കുഴി ചെറുവട്ടൂർ മയ്യുണ്ണി മൂസയുടെ മകളായ മുഹ്സിന, കഠിനമായ പരിശ്രമത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. പി.എസ്.സി പരീക്ഷയുടെ കടമ്പകൾ കടന്ന്, ശാരീരികക്ഷമത തെളിയിച്ച്, ഒടുവിൽ പുരുഷന്മാർ പോലും പ്രയാസപ്പെടുന്ന ഹെവി ഡ്രൈവിംഗ് ടെസ്റ്റും മികച്ച രീതിയിൽ പാസ്സായ മുഹ്സിന ഒരു നാടിൻ്റെയാകെ അഭിമാനമായി മാറി.
സാധാരണ കുടുംബ സാഹചര്യത്തിൽ നിന്നും വളർന്നു വന്ന്, തനിക്ക് താല്പര്യമുള്ള മേഖലയിൽ വിജയം കൊയ്യാൻ കാണിച്ച ആ നിശ്ചയദാർഢ്യം ഓരോ പെൺകുട്ടിക്കും വലിയൊരു പാഠമാണ്. തന്റെ സ്വപ്നങ്ങൾക്ക് ചിറകു നൽകാൻ കൂടെ നിന്ന പിതാവിനും കുടുംബത്തിനും മുഹ്സിന നൽകിയ ഏറ്റവും വലിയ സമ്മാനമാണിത്. സ്റ്റിപ്പും ഗിയറും ഇനി ഈ പെൺകരുത്തിൻ്റെ കൈകളിൽ സുരക്ഷിതമായിരിക്കും. കേരള പോലീസിന്റെ യൂണിഫോമിൽ ഡ്രൈവർ സീറ്റിലിരുന്ന് നാടിനെ സേവിക്കാൻ തയ്യാറെടുക്കുകയാണ് മുഹ്സിന

