മാനാഞ്ചിറയെ സ്തംഭിപ്പിച്ച് 'ഒരു രൂപക്കു ഷൂ ഓഫർ'; കോഴിക്കോട് നഗരത്തിൽ ജനപ്രവാഹം
സംഭവത്തെത്തുടർന്ന് കട ഉടമകളെ പോലീസ് കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: നഗരത്തിൽ പുതിയതായി ആരംഭിച്ച പാദരക്ഷാ ഷോപ്പിന്റെ ഉദ്ഘാടന ത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച 'ഒരു രൂപ ഓഫർ' സംഘർഷത്തിൽ കലാശിച്ചു. കോഴിക്കോട് മാനാഞ്ചിറയിൽ പ്രവർത്തിക്കുന്ന കടയുടെ വാഗ്ദാനം കേട്ട് ആയിരക്കണക്കിന് യുവാക്കളും വിദ്യാർത്ഥികളും നഗരത്തിലേക്ക് ഇരച്ചെത്തിയതോടെയാണ് സ്ഥിതി ഗതികൾ നിയന്ത്രണാതീതമായത്. സംഭവത്തെത്തുടർന്ന് കട ഉടമകളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു രൂപയുടെ നോട്ടുമായി ആദ്യം എത്തുന്ന 100 പേർക്ക് ഇഷ്ടമുള്ള ഷൂ തിരഞ്ഞെടുക്കാം എന്നതായിരുന്നു കടയുടമകളുടെ സോഷ്യൽ മീഡിയ വഴിയുള്ള വാഗ്ദാനം. ഇൻസ്റ്റാ ഗ്രാമിലും മറ്റും ഈ പരസ്യം വൈറലായതോടെ പുലർച്ചെ മുതൽ തന്നെ കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നായി വൻ ജനക്കൂട്ടം കടയ്ക്ക് മുന്നിൽ തടിച്ചുകൂടി. 2,000 രൂപയോളം വിലവരുന്ന ഷൂവാണ് ഒരു രൂപയ്ക്ക് വാഗ്ദാനം ചെയ്തിരുന്നത്. നൂറ് പേർക്ക് ശേഷം എത്തുന്നവർക്ക് വാച്ച് നൽകുമെന്നും കടയുടമകൾ അറിയിച്ചിരുന്നു.
രാവിലെ ഏഴ് മണിക്ക് ടോക്കൺ വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ഉദ്ഘാടന സമയം അടുത്തതോടെ തിരക്ക് വർദ്ധിക്കുകയും ആളുകൾ കടയ്ക്കുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ മാനാഞ്ചിറ മേഖലയിലെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ടൗൺ പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ ലാത്തി വീശുകയായിരുന്നു. പോലീസ് നടപടിയിൽ ചില കുട്ടികൾക്ക് പരിക്കേറ്റതായി പരാതിയുണ്ട്. കൂടാതെ, പോലീസ് നടപടിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവിന്റെ ഫോൺ വാങ്ങി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതായും ആരോപണം ഉയർന്നിട്ടുണ്ട്. മുൻകൂർ അനുമതിയില്ലാതെയും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാതെയും വൻ ജനക്കൂട്ടത്തെ ആകർഷിക്കുന്ന രീതിയിൽ ഓഫർ നൽകിയതിനാണ് കട ഉടമകൾക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്.

