കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ സമരം ചെയ്ത നേഴ്സുമാരെ കയ്യേറ്റം ചെയ്യാൻ ശ്രമം
ജോലി ചെയ്യാത്ത മുഴുവൻ സ്റ്റാഫുകളേയും ടെർമിനേറ്റ് ചെയ്യുമെന്ന് ആശുപത്രി
കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ നഴ്സുമാരുടെ പ്രതിഷേധം. സമരത്തിനിറങ്ങിയ നഴ്സുമാരെ തടഞ്ഞുവെന്നും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നുമാണ് ആരോപണം. സമരം ചെയ്ത നേഴ്സുമാരെ പിരിച്ചുവിടുമെന്നു മാനേജ്മെൻ്റ് ഭീഷണിപ്പെടുത്തിയെന്നും നേഴ്സുമാർ പറയുന്നു. 40,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാർ ഇന്ന് മുതൽ പണിമുടക്കി സമരം നടത്തുകയാണ്. ഇതിൻ്റെ ഭാഗമായാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി യിലുൾപ്പെടെ നേഴ്സുമാർ പണിമുടക്കി സമരം നടത്തുന്നത്. ഇന്നലെ രാത്രി തന്നെ ഇന്ന് സമരം ചെയ്യുമെന്ന് നേഴ്സുമാർ മാനേജ്മെൻ്റിനെ അറിയിച്ചിരുന്നുവെന്നും എന്നാൽ രാവിലെ നേഴ്സുമാർക്ക് ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് തടഞ്ഞുവെച്ച് ജോലി ചെയ്യിപ്പിച്ചെന്നും യുഎൻഎ ഭാരവാഹികൾ പറയുന്നു. ഇന്ന് സമരത്തിന് കൂടുതൽ നേഴ്സുമാർ എത്തിയിരുന്നു. ഇവരെ മാനേജ്മെന്റ് ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്തുവെന്നും നേഴ്സുമാർ ആരോപിക്കുന്നു. സമരം മുന്നോട്ട് കൊണ്ടുപോവും. അടിസ്ഥാന ആവശ്യങ്ങൾ ഉൾപ്പെടെ ആശുപത്രി അധികൃതർ നൽകുന്നില്ല.
ഇന്ന് ജോലി ചെയ്യാത്ത മുഴുവൻ സ്റ്റാഫുകളേയും ടെർമിനേറ്റ് ചെയ്യുമെന്നുമാണ് ആശുപത്രി മാനേജ് മെൻ്റിൻ്റെ ഭീഷണിയെന്നും നേഴ്സുമാർ പറയുന്നു. അതേസമയം, നേഴ്സുമാരെ കയ്യേറ്റം ചെയ്തുവെന്ന ആരോപണം ആശുപത്രി മാനേജ്മെൻ്റ് തള്ളുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട മറ്റു പ്രതികരണങ്ങളൊന്നും ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

