കുറ്റ്യാടി കാവിലും പാറയിൽ മലയോര ഹൈവേയുടെ പ്രവൃത്തി തുടങ്ങി
ഊരാളുങ്കൽ സൊസൈറ്റിക്കാണ് കരാർ നൽകിയിരിക്കുന്നത്
തൊട്ടിൽപ്പാലം: കോഴിക്കോട്, വയനാട് ജില്ലകൾവഴി കടന്നുപോകുന്ന മലയോര ഹൈവേയുടെ പ്രവൃത്തി തുടങ്ങി. കുറ്റ്യാടി കാവിലുംപാറ പഞ്ചായത്തിലാണ് നിർമാണം തുടങ്ങിയത്. അഞ്ചരക്കിലോമീറ്റർ നീളത്തിൽ 12 മീറ്റർ വീതിയിലാണ് റോഡ് നിർമാണം നടക്കുന്നത്. ചുങ്കക്കുറ്റി മുതൽ കീഞ്ഞുടിപ്പാലം വരെയാണ് നിലവിൽ പ്രവൃത്തി നടന്നുവരുന്നത്. ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ മറ്റിടങ്ങളിലെ പ്പോലെ തന്നെ ഒൻപതു മീറ്റർ ടാറിങ്ങോടു കൂടി ഡ്രെയ്‌നേജും ഫുട്പാത്തും അടക്കം 12 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുന്നത്.
ഫുട്പാത്ത് ആവശ്യമില്ലാത്ത ചിലയിടങ്ങളിൽ 10 മീറ്ററും അപകടസാധ്യത ഒഴിവാക്കാൻ ചിലയിടങ്ങളിൽ 13 മീറ്റർവരെ വീതിയിലുമാണ് നിർമാണം. ഊരാളുങ്കൽ സൊസൈറ്റിക്കാണ് കരാർ നൽകിയിരിക്കുന്നത്. മഴയ്ക്കു മുൻപ് അഞ്ചാം വളവ് ഉൾപ്പെടുന്ന ഭാഗത്തെ പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പൂതംപാറ മുതൽ തൊട്ടിൽപ്പാലം നടുത്തോടുവരെ ഭാഗങ്ങളിൽ സ്ഥലം വിട്ടു കിട്ടാത്തതിനാൽ ടെൻഡർ നടപടിയിലേക്ക് കടന്നിട്ടില്ല.

