മഞ്ചേരിയില്‍ വീടിന് സമീപം കക്കൂസ് മാലിന്യം തള്ളിയത് തടഞ്ഞതിന് ഗുണ്ടാ ആക്രമണം
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം
മലപ്പുറം: വീടിന് സമീപം കക്കൂസ് മാലിന്യം തള്ളിയത് ചോദ്യം ചെയ്തതിന് യുവാക്കള്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. മഞ്ചേരി ചെങ്ങര പള്ളിപ്പടിയിലെ വീടിന് സമീപം മാലിന്യം തള്ളാനെത്തിയത് ചോദ്യംചെയ്ത ഷറഫലി പാമ്പോടന്‍, സുഹൃത്ത് സഫ്വാന്‍ കുറ്റിപ്പുറവന്‍ എന്നിവരെയാണ് ഗുണ്ടാസംഘം മര്‍ദിച്ചവശരാക്കിയത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. പിക്കപ്പ് വാനില്‍ മാലിന്യം കൊണ്ടുവന്ന് വീടിന് സമീപം തട്ടുന്നത് തടഞ്ഞതിനാണ് ഗുണ്ടാ സംഘത്തിന്റെ ക്രൂരത.
മാലിന്യവുമായെത്തിയ പിക്കപ്പ് വാനെ പിന്തുടര്‍ന്ന ഷറഫലിയെയും സഫ്വാനെയും മങ്കടയിലെ പെട്രോള്‍ പമ്പിലിട്ട് മര്‍ദിക്കുകയായിരുന്നു. മര്‍ദിച്ച് അവശരാക്കിയ ശേഷം ഇവരെ പിന്നീട് പുത്തനങ്ങാടിയിലുള്ള സ്വകാര്യ ക്വാറിയിലേക്ക് തട്ടിക്കൊണ്ടു പോയി അവിടെവച്ചും ഗുണ്ടാസംഘം മര്‍ദനം തുടര്‍ന്നതായും യുവാക്കള്‍ പറഞ്ഞു. സാരമായി പരുക്കേറ്റ ഇരുവരും നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടു പേരുടെയും കുടുംബം മഞ്ചേരി പൊലിസില്‍ പരാതി നല്‍കി.

