ഇറച്ചി കച്ചവടക്കാരൻ അബദ്ധത്തിൽ കത്തി തുടയിൽ തറച്ച് മരിച്ചു
ഇറച്ചി വെട്ടുന്നതിനിടെ കൈവഴുതിയ കത്തി അപ്രതീക്ഷിതമായി കാലിൻ്റെ തുടയിൽ തറയ്ക്കുകയായിരുന്നു
മഞ്ചേരി: പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ ഇറച്ചി വെട്ടുന്നതിനിടെ അബദ്ധത്തിൽ കത്തി തുടയിൽ തറച്ച് രക്തം വാർന്ന തൊഴിലാളി മരിച്ചു. ചെമ്പ്രശ്ശേരി ഈസ്റ്റ് സ്വദേശി ആനപ്പട്ടത്ത് റഫീഖ് (51) ആണ് മരിച്ചത്. വ്യാഴാഴ്ച പകൽ ചെമ്പ്രശ്ശേരിയിലെ ഇറച്ചിക്കടയിലായിരുന്നു നാടിനെ നടുക്കിയ ദാരുണമായ അപകടം നടന്നത്.പെരുന്നാൾ വിപണിയുടെ ഭാഗമായി കടയിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു ഇതിനിതിനിടെയാണ് അപകടം സംഭവിച്ചത്. ഇറച്ചി വെട്ടുന്നതിനിടെ കൈവഴുതിയ കത്തി അപ്രതീക്ഷിതമായി റഫീഖിൻ്റെ കാലിൻ്റെ തുടയിൽ ആഴത്തിൽ തറയ്ക്കുക യായിരുന്നു.
മുറിവിൽ നിന്ന് അമിതമായി രക്തം വാർന്നതോടെ ഇദ്ദേഹം കടയിൽ കുഴഞ്ഞു വീണു. ഉടൻ തന്നെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നു. അമിതമായി രക്തം വാർന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തുടർ നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചെമ്പ്രശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇറച്ചിക്കടയിലെ ദീർഘകാല തൊഴിലാളിയായിരുന്നു റഫീഖ്. പെരുന്നാൾ ആഘോഷങ്ങൾക്കായി നാട് ഒരുങ്ങുന്നതിനിടെയുണ്ടായ ഈ അപ്രതീക്ഷിത വേർപാട് ചെമ്പ്രശ്ശേരി ഗ്രാമത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി.

