കുറുവങ്ങാട് അപകടത്തിൽ മരിച്ച സഹപാഠികൾക്ക് മൊടക്കല്ലൂർ മെഡിക്കൽ കോളേജിൽ കണ്ണീരോടെ അന്ത്യാഞ്ജലി
സ്‌കൂട്ടർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്
ഉള്ളേരി: സ്കൂട്ടർ അപകടത്തിൽ മരിച്ച വടക്കല്ലൂർ മെഡിക്കൽ കോളേജിലെ സഹപാഠികളായ എംബിബിഎസ് വിദ്യാർഥികൾക്ക് കോളേജ് അംഗനത്തിൽ കണ്ണീരിൽ കുതിർന്ന വിട. ചൊവ്വാഴ്ച വൈകിട്ട് വരെ കോളേജിലും പരിസരത്തും കഴിഞ്ഞ മൂന്ന് സഹപാഠികൾ പിറ്റേന്ന് പുലർച്ചയാണ് സംസ്ഥാനപാതയിൽ കുറുവങ്ങാട് വെച്ച് ദാരുണമായി അപകടത്തിൽ മരിക്കുന്നത്. ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കും മൂന്ന് വിലപ്പെട്ട ജീവൻ എന്നെന്നേക്കുമായി ഇല്ലാതായെന്ന വാർത്ത മെഡിക്കൽ കോളേജിലെ വിദ്യാർഥികളെയും അധ്യാപകരെയും സംബന്ധിച്ച് ഒട്ടും ഉൾക്കൊന്നാവാത്ത ഒന്നായിരുന്നു. സ്‌കൂട്ടർ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് റോഡരികിലെ ഓവുചാലിൽ മരിച്ച നിലയിലായിരുന്നു എം.എം.സിയിലെ വിദ്യാർഥികൾ. പുലർച്ചെ ഈ വാർത്ത അറിഞ്ഞതിന് പിന്നാലെ ക്യാമ്പസ് ശോകമൂകമായി. സാധാരണ പ്രവർത്തനങ്ങളില്ലാതായി. സഹപാഠികളെ അവസാനമായി ഒരുനോക്ക് കാണാൻ നിറമിഴികളോടെ അവർ കാത്തിരുന്നു.
അക്കാദമിക് ബ്ലോക്കിലെ സ്വീകരണ ഹാളിലാണ് മൃതദേഹങ്ങൾ പൊതു ദർശനത്തിന് വെക്കാനുളള സൗകര്യമൊരുക്കിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം വൈകുന്നേരം ആറു മണിയോടെയാണ് മൃതദേഹങ്ങൾ എം.എം.സിയിലെത്തിച്ചത്.ബുധനാഴ്‌ച കോളേജിന് അവധി നൽകി. മെഡിക്കൽ കോളേജിനുവേണ്ടി മാനേജിങ് ഡയറക്ടർ അനിൽകുമാർ വള്ളിൽ, പ്രിൻസിപ്പൽ ഡോ. പ്രതാപ് സോമനാഥ് എന്നിവർ റീത്തുകൾ സമർപ്പിച്ചു. ക്ലാസ് പ്രതിനിധികളും ഡിപ്പാർട്ട്മെന്റ്റ് പ്രതിനിധികളും റീത്തുകൾ സമർപ്പിച്ചു. അധ്യാപകരും ജീവനക്കാരും ഉൾപ്പെടെ എല്ലാവരും അന്ത്യ പ്രണാമമർപ്പിച്ചു. സഹപാഠികൾ നിറമിഴികളോടെ യാത്രാമൊഴി നൽകി. പൊതു ദർശനത്തിനുശേഷം മൃതദേഹങ്ങൾ സംസ്‌കാരത്തിനായി ജന്മ നാടുകളിലേക്ക് കൊണ്ടു പോയി. അതേസമയം അപകടത്തിൽ ദുരൂഹത ആരോപണം നിലനിൽക്കുകയാണ് മൂന്ന് വിദ്യാർത്ഥികളുടെ മരണം ഉണ്ടായിട്ടും സ്കൂട്ടർ കാര്യമായി അപകടം പറ്റാതിരുന്നത് സംശയം ജനിപ്പിക്കുന്നതാണെന്ന് പരിസര വാസികൾ പറഞ്ഞു.

