പാചകവാതക പ്രതിസന്ധിയ്ക്ക് പിന്നാലെ പെട്രോള്‍ വിലയിലും വര്‍ധന; പ്രീമിയം പെട്രോളിന് രണ്ട് രൂപ വര്‍ധന
പ്രീമിയം പെട്രോളിനാണ് വിവിധ കമ്പനികള്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്.
ഡൽഹി : പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ പാചകവാതക ലഭ്യത പ്രതിസന്ധിയിലായി തുടരുന്നതിനിടെ പെട്രോള്‍ വിലയും വര്‍ധിക്കുന്നു. പ്രീമിയം പെട്രോളിനാണ് വിവിധ കമ്പനികള്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്ത്യന്‍ഓയില്‍ എന്നീ കമ്പനികള്‍ 2.09 രൂപ മുതല്‍ 2.35 രൂപവരെയാണ് പ്രീമിയം പെട്രോളിന് വില കൂട്ടിയത്. ഇന്നു മുതല്‍ തന്നെ പുതുക്കിയ വില നിലവില്‍വരും. എന്നാല്‍, സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മാറ്റമില്ല.
ബിപിസിഎല്ലിന്റെ സ്പീഡ്, എച്ച്പിസിഎല്ലിന്റെ പവര്‍ പെട്രോള്‍, ഇന്ത്യന്‍ ഓയിലിന്റെ എക്‌സ്പി95 എന്നീ ബ്രാന്‍ഡ് പെട്രോളുകള്‍ ക്കാണ് വില വര്‍ധിക്കുക. അതേസമയം, സാധാരണ പെട്രോളിന് വില വര്‍ധനല്ല. മികച്ച എന്‍ജിന്‍ പെര്‍ഫോര്‍മന്‍സിനും ഉയര്‍ന്ന മൈലേജിനുമാണ് സാധാരണയായി പ്രീമിയം പെട്രോള്‍ ഉപയോഗിക്കുന്നത്.
പ്രീമിയം പെട്രോളിന് വിലവര്‍ധിപ്പി ക്കുന്നതിന്റെ കാരണം കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷ ത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന മാറ്റവും ചരക്ക് ഗതാഗത ചെലവിലുണ്ടാ കുന്ന വര്‍ധനയുമാണ് വിലവര്‍ധന വിന് ഇടയാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ക്രൂഡ് ഓയില്‍ നീക്കം അനിശ്ചിതത്വത്തിലായത് ആഗോള ക്രൂഡ് ഓയില്‍ വിലയില്‍ ചാഞ്ചാട്ടത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതുമൂലം വരുംദിവസങ്ങളില്‍ സാധാരണ പെട്രോള്‍, ഡീസല്‍ വിലയിലും വര്‍ധനയ്ക്ക് കാരണമായേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ശേഷം രാജ്യാന്തര എണ്ണ വില ബാരലിന് 100 ഡോളറിന് മുകളിലെത്തിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാനുള്ള ശ്രമങ്ങളില്‍ പങ്കുചേരാന്‍ പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളും ജപ്പാനും വാഗ്ദാനം ചെയ്തത് വില അല്‍പം താഴ്ത്തി. ഗള്‍ഫ് രാജ്യങ്ങളിലെ ഊര്‍ജ്ജ സൗകര്യങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തെ ത്തുടര്‍ന്നാണ് ക്രൂഡ് ഓയില്‍ വില ഇന്നലെ 110 ഡോളര്‍ കടന്നത്.
സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ രാജ്യത്ത് പാചകവാതക വില വര്‍ധിപ്പിച്ചിരുന്നു. 14.2 കിലോ വരുന്ന ഗാര്‍ഹിക സിലണ്ടറുകളുടെ വില 60 രൂപയാണ് വര്‍ധിച്ചത്. 19 കിലോ വാണിജ്യ സിലിണ്ടറിന് 115 രൂപയും വര്‍ധിച്ചിരുന്നു.

