പേരാമ്പ്രയിൽ പെട്രോൾ പമ്പ് ജീവനക്കാരിയെ ഓട്ടോ ഡ്രൈവർ ക്രൂരമായി മർദ്ദിച്ചു
ഓട്ടോറിക്ഷയിൽ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് സംഭവം
പേരാമ്പ്ര: ഇന്ധനം നിറയ്ക്കുന്നതിനിടെ ഉണ്ടായ തർക്കത്തിൽ പെട്രോൾ പമ്പ് ജീവനക്കാരിക്ക് മർദനം. മൂരികുത്തിയിലെ പ്രോമിസ് ഫ്യൂവൽസിൽ ജോലി ചെയ്യുന്ന പാറാട്ടുപാറ നിരവത്ത് ഉഷ (48)യ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ഓട്ടോറിക്ഷയിൽ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് സംഭവം. വാഹനത്തിൽ ചന്ദനത്തിരി കത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാരി ഡ്രൈവറോട് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ഡ്രൈവർ ഡീസൽ ടാങ്കിന്റെ മൂടി ഉപയോഗിച്ച് തലയിൽ അടിച്ചെന്നാണ് ഉഷയുടെ പരാതി. പരിക്കേറ്റ ഉഷയെ ഉടൻ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സംഭവത്തിൽ പേരാമ്പ്ര പൊലീസിൽ പരാതി നൽകിയതായി അധികൃതർ അറിയിച്ചു.

