കുറുവാ ദ്വീപ് സന്ദർശിക്കാനെത്തിയ കർണാടക സ്വദേശി പുഴയിൽ മുങ്ങി മരിച്ചു
എട്ടു പേരടങ്ങുന്ന കുടുംബത്തോടൊപ്പമാണ് ഇദ്ദേഹം വയനാട്ടിലെത്തിയത്
വയനാട് : വിനോദയാത്രയ്ക്കായി വയനാട്ടിലെത്തിയ കർണാടക സ്വദേശി പാൽവെളിച്ചം പുഴയിൽ മുങ്ങി മരിച്ചു. മൈസൂർ സ്വദേശി ജാവേദ് പാഷ (63) ആണ് മരിച്ചത്. കുറുവാ ദ്വീപ് സന്ദർശനത്തിനായി എട്ടു പേരടങ്ങുന്ന കുടുംബത്തോടൊപ്പമാണ് ഇദ്ദേഹം വയനാട്ടിലെത്തിയത്. ഇന്ന് ഉച്ചയോടെ പാൽവെളിച്ചം ആയുർവേദ യോഗ വില്ലയ്ക്ക് സമീപമുള്ള പുഴയിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
പുഴയിൽ വീണ ജാവേദ് പാഷയെ രക്ഷിക്കാൻ നാട്ടുകാരും പോലീസും ഫയർഫോഴ്‌സും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പുഴയിൽ നിന്നും പുറത്തെടുത്ത ഇദ്ദേഹത്തെ ഉടൻ തന്നെ കാട്ടിക്കുളത്തെ ബേഗൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

