മുള്ളൻപന്നിയെ തലയ്ക്കടിച്ച് കൊന്ന കേസിൽ വെള്ളനാട് ശശിക്ക് ജാമ്യം
കർശന ഉപാധികളോടെയാണ് ജാമ്യം
തിരുവനന്തപുരം: മുള്ളൻപന്നിയെ തലയ്ക്കടിച്ച് കൊന്ന കേസിൽ വെള്ളനാട് ശശിക്ക് ജാമ്യം. കർശന ഉപാധികളോടെയാണ് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യം തള്ളിയതോടെ വെള്ളനാട് ശശി കഴിഞ്ഞദിവസം വനംവകുപ്പിന് മുന്നിൽ കീഴടങ്ങിയിരുന്നു. പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലായിരുന്നു ശശി കീഴടങ്ങിയത്. വെള്ളനാട് വാളിയറ സ്വദേശി രജിതയുടെ വീട്ടിലാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് മുള്ളൻപന്നിയെ കണ്ടത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന അരുണും കുടുംബവും വെള്ളനാട് പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു.
തുടർന്ന് വാർഡംഗം ഷൈലജ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയോട് വനംവകുപ്പിനെ അറിയിക്കാൻ പറഞ്ഞു. എന്നാൽ വനംവകുപ്പിനെ അറിയിക്കാതെ സ്ഥലത്തെത്തിയ ശശി ഇരുമ്പ് കമ്പി കൊണ്ട് മുള്ളൻപന്നിയെ തലയ്ക്കടിച്ച് കൊന്നുവെന്നാണ് കേസ്. വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തിയപ്പോഴേക്കും ശശി സ്ഥലം വിട്ടിരുന്നു.

