"മറതി" ഒരു ഗ്രാമത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രം.
ഡോ.പി സുരേഷിന്റെ മറതി എന്ന നോവലിനെ കുറിച്ച് ഷീബ പി കെ എഴുതുന്നു.
ഡോ.പി സുരേഷിൻ്റെ 'മറതി' എന്ന നോവൽ പലതും ഓർമിപ്പിക്കുന്നു. ഒരു പക്ഷേ, ഒരിക്കലും ഓർക്കാതെ പോയവരെ; അവർ ചരിത്രത്തിലിടം പിടിച്ചവരല്ല, അവർക്കായി ഒരു സദസ്സും ഇരിപ്പിടമിട്ടില്ല, അവരുടെ പേരു പോലും നമുക്കറിയാനിടവരില്ല.പേരുനഷ്ടപ്പെട്ടു പോയ ഒരുവൻ്റെ സ്വാതന്ത്ര്യസമരകാല ഓർമകളിലൂടെ മറതി പതുക്കെപ്പതുക്കെ നമ്മിലേക്ക് നടന്നുകയറുന്നു. ഓർമകളിൽ മറതി വിതുമ്പുന്നു. ആത്മരോഷത്തിൻ്റെ കനലുകൾ ചിന്തുന്നു. "അടയാളങ്ങളൊന്നും അവശേഷിപ്പിക്കാതെ മാഞ്ഞുപോയവർ, ജീവിച്ചിരുന്നതിന് ഒരു തെളിവുമില്ലാത്തവർ.. ഭൂതകാലത്തിൻ്റെ ഇരുട്ടു നിറഞ്ഞ തുരങ്കത്തിൽ നിന്ന് കറുത്ത തൊലിയുള്ള അനേകം മനുഷ്യർ കുനിഞ്ഞു കൊണ്ട് പുറത്തേക്കു വന്നു ".സ്വന്തമായ ഒരു പേരിനു പോലും അവകാശം നിഷേധിച്ച തെയ്യോൻ്റെ കുട്ടിക്കാലം നെഞ്ചു പൊള്ളിക്കുന്നതാണ്. ശ്വാസത്തിൻ്റെ ഓരോ ഉയിർപ്പും ജന്മനാടിൻ്റെസ്വാതന്ത്ര്യത്തിനു വേണ്ടി സമർപ്പിച്ചവർ ഉള്ളം തൊട്ടുനിൽക്കുന്നു.
1942 ൽ ക്വിറ്റിന്ത്യാ സമരത്തിൻ്റെ ഭാഗമായി ഉള്ളിച്ചേരിയിലെ മാതാം തോട് പാലം പൊളിച്ച് സ്വാതന്ത്ര്യ സമരത്തിൽ ഭാഗഭാക്കായ ദാമോദരൻ നായരും ചാത്തുക്കുട്ടിയും തൊളൂരയും ശങ്കരൻ നായരും കുഞ്ഞൻ ഗുരുക്കളും ഒപ്പം ബാലനായ തെയ്യോനും നാമൊന്നും ഓർക്കാതെ പോയ, അല്ലെങ്കിൽ സൗകര്യപൂർവ്വം മറന്ന ധീര ദേശാഭിമാനികളാണ്. പാലം തകർത്ത് പ്രതിഷേധശക്തി കാണിച്ചെങ്കിലും അവരുടെ അനന്തരജീവിതം അത്യന്തം ദു:സ്സഹമായി മാറുന്നു. നിരപരാധികളടക്കം പലരും ജയിലിലടയ്ക്കപ്പെട്ടു. അവിടെ കൊടിയ പീഡനങ്ങൾ ഏല്ക്കേണ്ടിവന്നു. ചോരയുടെയും മരണത്തിൻ്റെയും നിറവും ഗന്ധവും കൊണ്ട് ജയിലറകൾ നിറഞ്ഞു. അകവും പുറവും ഇരുട്ട് ബാധിച്ച നാഗപ്പയെ പോലുള്ള ഉദ്യോഗസ്ഥർ...പുറത്ത് ചലിച്ചു കൊണ്ടിരിക്കുന്ന ലോകത്തിൻ്റെ അനക്കമറിയാതെ എഴുന്നേറ്റിരിക്കാൻ പോലും കഴിയാതെ മലമൂത്രങ്ങൾ പുരണ്ട് ദുർഗന്ധം വമിക്കുന്ന ശരീരവുമായി ജീവിക്കേണ്ടിവന്ന സ്വാതന്ത്ര്യസമര സേനാനികൾ..
കീഴരിയൂർ ബോംബു കേസിൽ പെട്ടവനാണെന്ന് കരുതിയാണ് മുള്ളൻകണ്ടി മീത്തൽ കുഞ്ഞിരാമനെ ജയിലിലടയ്ക്കുന്നത്. ജയിലിൽ കുഞ്ഞിരാമനേറ്റ പീഡനങ്ങൾ ഹൃദയഭേദകമായിരുന്നു. "കുങ്കൻ നായരും സംഘവും ഒരനുഷ്ഠാനം പോലെ അവൻ്റെ ശരീരത്തിൽ പെരുമാറിക്കൊണ്ടിരുന്നു. കീഴരിയൂരിലെ സ്വാതന്ത്ര്യസമരപ്പോരാളികളിൽ ഒരാളുടെ പേരു പോലും അവൻ്റെ നാവിൽ നിന്ന് പോലീസുകാർക്ക് കിട്ടിയില്ല " നാടിൻ്റെ ഓർമയിൽ വിരിഞ്ഞു നിന്ന ഓണപ്പൂക്കൾക്ക് ഈ തടവറക്കുള്ളിൽ നിറവും ഗന്ധവും ഇല്ലാതാകുന്നത് അവൻ അറിഞ്ഞു.
തെയ്യോൻ്റെ ഓർമകളിലൂടെ സ്വാതന്ത്ര്യ സമരത്തിൻ്റെ തടവുകാർക്കേറ്റ പീഢകളിലൂടെ കടന്നുപോകവേ , അറിയാതെ പോയ ഒരു കാലത്തിൻ്റെ ഓർമകളിൽ കണ്ണുകൾ ഇറുക്കിയടച്ചു പോയത് ജീവൻ്റെ ഉപ്പും ചോരയുമെടുത്ത് നിറം പകർത്തിയ കഥാപാത്രങ്ങളെ സൃഷ്ടിച്ച എഴുത്തുകാരൻ്റെ ആഖ്യാനതന്ത്രത്തെ ഒരു വേള മറന്നു പോയതാവാം.ഓർക്കാനൊന്നുമില്ലാതെ പോകുന്നവരുടെ ഓർമകൾ കൊണ്ട് മറതി നമ്മെ അസ്വസ്ഥമാക്കുന്നു. പുറന്തള്ളപ്പെട്ടു പോയ ഒരു ജനതയുടെ ദാരിദ്ര്യത്തിൻ്റെ, ജന്മിത്തത്തിൻ്റെ ക്രൂരമായ പീഡനങ്ങളേറ്റ പാവങ്ങളുടെ നിസ്സഹായതയുടെയും ദൈന്യത്തിൻ്റെയും കൂടി കഥയാണ് മറതി. തെയ്യോൻ്റെ കൂട്ടുകാരൻ പിറുങ്ങനും പിറുങ്ങൻ്റെ അമ്മ തെയ്യത്തിരയും വെള്ളപ്പറായിയും അര്ത്തനാടിയും തീരാനോവിൻ്റെ ചിത്രങ്ങളാണ്. ജയിലിലടയ്ക്കപ്പെട്ട ദാമോദരൻ്റെ ഗർഭിണിയായ ഭാര്യ കുഞ്ഞിമാധവിയുടെ പ്രതീക്ഷകളിലേക്കാണ് ചോരയുടെ കറുത്ത പാമ്പിഴഞ്ഞ് പോകുന്നത്. കരിങ്കല്ലു പോലെ തോൽക്കാൻ മനസ്സില്ലാതെ, ഉറച്ച മനസ്സോടെ നിൽക്കുന്ന ദാമോദരന് മുന്നിൽ ശിരസ്സ് കുനിക്കുന്നു. അവർ ജീവിച്ച, നടന്ന ഉള്ളിച്ചേരിയും, മാമ്പൊയിലും, കോക്കല്ലൂരും, കണയങ്കോടും ബാലുശ്ശേരിയും കൊയിലാണ്ടിയും നടുവണ്ണൂരും ഇന്ന് ഞങ്ങളും ചേർന്നുനിൽക്കുന്ന മണ്ണായതിൽ ഉൾപ്പുളകപ്പെടുന്നു.കാവ്യാത്മകമാണ് ചരിത്ര ഗന്ധിയായ മറതിയിലെ ഭാഷയും. "നേരം വെളുത്തിട്ടും തിരിച്ചു പോകാതെ ചുറഞ്ഞു നിൽക്കുന്ന ഇരുട്ടും കോടയും" സംവേദനത്തിൻ്റെ പലതലങ്ങളിലേക്ക് എത്തിച്ചു കൊണ്ട്, ആകാശത്തു നിന്ന് പിടി വിട്ട് മാതാം തോടിൽ വീണു പോയ മേഘം വരെ എഴുത്തിലുടനീളം ധ്വന്യാത്മകമായ മാനങ്ങൾ നൽകുന്ന കവിത തുളുമ്പിനിൽക്കുന്നു. ദുഃഖം കൊണ്ട് ഘനീഭവിച്ച വർണനകൾ നോവലിന് വേറിട്ടൊരു ഭാവുകതലം നൽകുന്നുണ്ട്."ആ പാട്ടിൻ്റെ ചിറകുകളിലേറി തെയ്യോൻ പിറകിലേക്ക് പറന്നുപോയി. വർണക്കാഴ്ചകൾ പിന്നിട്ട് ആ പാട്ടിൻ്റെ പക്ഷി വർഷങ്ങൾക്കപ്പുറത്തേക്ക് ചിറക് തുഴഞ്ഞു. കറുപ്പും വെളുപ്പും പടർന്ന് മങ്ങിയ ഭൂതകാലത്തിൻ്റെ ചാഞ്ഞ കൊമ്പിൽ അത് പറന്നിറങ്ങി "തകരപ്പെട്ടിയിൽ നിന്ന് കുറമുട്ടായിയുടെ മണമുള്ള ദേശീയ പതാകയെടുത്ത് ശീമക്കൊന്നയുടെ കമ്പിൽ കെട്ടി, പഴയ ഗാന്ധിത്തൊപ്പി തലയിൽ വെച്ച് തെയ്യോൻ കന്നൂര് സ്കൂളിലെ സ്വാതന്ത്ര്യ ദിന ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോൾ, മൂന്നാം തരത്തിൽ വെച്ച് പഠനവും പേരും നഷ്ടപ്പെട്ട കുട്ടിയെ ഓർത്തുകൊണ്ട് കാലത്തിൻ്റെ അലസഹൃദയങ്ങളിലേക്ക് അനേകം കരുത്തുറ്റ മനുഷ്യരുടെ കഥകളെ കുടിയിരുത്തുകയാണ് എഴുത്തുകാരൻ.
നാടിന് സ്വാതന്ത്ര്യം കിട്ടിയിട്ടും അസ്വാതന്ത്ര്യത്തിൻ്റെ തുരുമ്പിച്ച പാത്രത്തിലെ ഇറ്റു വറ്റ് പെറുക്കിയെടുത്തുണ്ണാൻ തുടങ്ങുമ്പൊഴും തട്ടി മാറ്റുന്ന ക്രൗര്യമാർന്ന മേലാള വർഗ്ഗത്തിൻ്റെ അന്ധത നിറഞ്ഞ മനസ്സുകളിലേക്ക് മറതി അനേകം ചോദ്യശരങ്ങളുതിർക്കുന്നുണ്ട്. അവ നമ്മുടെ മനസ്സിനെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടേയിരിക്കും....... ഷീബ പി കെ

