കെ എസ് ആർ ടി സി യിൽ ജീവനക്കാരുടെ ശമ്പളം മുടങ്ങി.
കെ എസ് ആർ ടി സി യിലെ എം പാനൽ ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ രണ്ടാം ഗഡു ശമ്പളമാണ് മുടങ്ങിയത്.
തിരുവനന്തപുരം: കെ എസ് ആർ ടി സി യിൽ എം പാനൽ ജീവനക്കാരുടെ ശമ്പളം ഭാഗികമായി മുടങ്ങിയെന്ന് പരാതി. രണ്ടുഘട്ടങ്ങളായാണ് സാധാരണ ശമ്പളം നൽകിയിരുന്നത്. ആദ്യ 15 ദിവസത്തെ ശമ്പളം 20നും ബാക്കി 15 ദിവസത്തെ ശമ്പളം അടുത്ത മാസം പത്തിനുള്ളിലുമാണ് നൽകാറുള്ളത്. എന്നാൽ, കഴിഞ്ഞ മാസത്തെ 15 മുതൽ 30 വരെയുള്ള ദിവസങ്ങളിലെ ശമ്പളത്തിന്റെ പകുതി മാത്രമാണ് ഈ മാസം നൽകിയത്. 7 ദിവസത്തെ ശമ്പളം മാത്രം കിട്ടിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്ന് ജീവനക്കാർ പറഞ്ഞു.
ഡ്രൈവർമാരുംകണ്ടക്ടർമാരുമടക്കം കെ.എസ്.ആർ.ടി.സിയിൽ മൂവായിരത്തോളം ബദൽ ജീവനക്കാരാണുള്ളത്. പ്രിയദർശിനി സൗജന്യയാത്ര മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയാണോ ശമ്പളം മുടങ്ങാനുള്ള കാരണമെന്നാണ് ജീവനക്കാർ സംശയിക്കുന്നു. അതേസമയം, അടുത്തയാഴ്ച ബാക്കി പണം നൽകുമെന്നും പ്രിയദർശിനി പദ്ധതിയുമായി ഇപ്പോഴത്തെ പ്രശ്‌നത്തിന് ബന്ധമില്ലെന്നും കെ.എസ്.ആർ.ടി.സി എം.ഡി അറിയിച്ചു.

