ബിജെപി കൗൺസിലർ ആർ സുഗതന് ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാനാകുമോ എന്ന് ഹൈക്കോടതി.
കാപ്പ ചുമത്തി ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സുഗതന്റെ ഹരജിയിലാണ് കോടതി സർക്കാരിനോട് ചോദിച്ചത്
എറണാകുളം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ജയിലില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്യാനാകുമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി. തിങ്കളാഴ്ച (ജൂലൈ 13) നിലപാട് അറിയിക്കാനാണ് നിര്‍ദേശം. സത്യപ്രതിജ്ഞയ്ക്കായി താത്കാലികമായി വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് സുഗതന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നടപടി.
പതിനാലാം തിയ്യതി സത്യപ്രതിജ്ഞയ്ക്കായി താത്കാലികമായി വിട്ടയയ്ക്കാന്‍ സര്‍ക്കാരിനും പോലിസ് മേധാവിയ്ക്കുമുള്‍പ്പെടെ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹരജി പ്രാഥമികമായി പരിഗണിക്കവെ കാപ്പ ചുമത്തപ്പെട്ട് ജയിലില്‍ തുടരുന്ന പ്രതിയ്ക്ക് താത്കാലിക വിട്ടയയ്ക്കല്‍ അനുവദിക്കരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് ഹൈക്കോടതി ജയിലില്‍ വച്ച് സുഗതന് സത്യപ്രതിജ്ഞ ചെയ്യാനാകുമോയെന്ന് സര്‍ക്കാരിനോടാരാഞ്ഞു.
തിങ്കളാഴ്ച ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. കാപ്പ ചുമത്തി ജയിലില്‍ അടച്ചത് കാരണം സത്യപ്രതിജ്ഞ ചെയ്യാനാകുന്നില്ല. സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ രാഷ്ട്രീയ താത്പ്പര്യങ്ങളുടെ പേരില്‍ തടയുകയാണെന്നും ആര്‍ സുഗതന്‍ ഹരജിയില്‍ വാദമുന്നയിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാത്തത് ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്നും സുഗതന്‍ വാദിക്കുന്നു. കാപ്പയ്ക്ക് ആധാരമായ രണ്ട് കേസുകളില്‍ സുഗതന് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ഒരു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

