ബസ് കൺസെഷൻ വിദ്യാർത്ഥികളുടെ പ്രായപരിധി 27 വയസ്സായി ഉയത്തി.
വിദ്യാർത്ഥികളുടെ ദൂരപരിധി 40 കിലോമീറ്ററാക്കി. പ്രത്യേക ആപ്പ് വഴി അപേക്ഷിക്കേണ്ടതാണ്
തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാര്‍ത്ഥി ബസ് കണ്‍സെഷന്‍ പ്രായപരിധി 27 വയസ്സായി ഉയര്‍ത്തി മോട്ടോര്‍ വാഹന വകുപ്പ്. നേരത്തെ 24 വയസ്സായിരുന്ന പ്രായപരിധിയാണ് ഇപ്പോള്‍ 27 ആയി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. പ്രായപരിധി ഉയര്‍ത്തിയതിനൊപ്പം വിദ്യാര്‍ത്ഥികളുടെ സഞ്ചാരപരിധി 40 കിലോമീറ്ററായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
സ്വകാര്യ ബസുകളില്‍ കണ്‍സെഷനെച്ചൊല്ലി വിദ്യാര്‍ത്ഥികളും ജീവനക്കാരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായ പശ്ചാത്തലത്തിലാണ് ഇടപെടല്‍. ഇനി മുതല്‍ രാവിലെ 6 മണി മുതല്‍ വൈകിട്ട് 7 മണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നിരക്കില്‍ യാത്ര ചെയ്യാം. എന്നാല്‍ മുഴുവന്‍ സമയ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും ഇതിന് അര്‍ഹത. ക്രാഷ് കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്കും പാര്‍ട്ട് ടൈം വിദ്യാര്‍ത്ഥികള്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു.
കണ്‍സെഷന്‍ വിതരണത്തിലെ സുതാര്യത ഉറപ്പാക്കാന്‍ ഇനി മുതല്‍ നടപടികള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാക്കും. 'MVD leads' എന്ന മൊബൈല്‍ ആപ്പ് വഴിയാണ് വിദ്യാര്‍ത്ഥികള്‍ കണ്‍സെഷനായി അപേക്ഷിക്കേണ്ടത്. ആദ്യ ഘട്ടത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 'MVD leads' ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തി ഇതിന് അപ്രൂവല്‍ നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് ആപ്പ് വഴി കണ്‍സെഷനായി അപേക്ഷിക്കാം.
വിദ്യാര്‍ത്ഥി അപേക്ഷിക്കുന്ന സ്ഥാപനത്തിന് ആപ്പ് വഴി തന്നെ ഇതിന്റെ അറിയിപ്പ് ലഭിക്കും. അപേക്ഷകന്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥി തന്നെയെന്ന് മോട്ടോര്‍ വാഹന വകുപ്പ് പൂര്‍ണ്ണമായി ഉറപ്പുവരുത്തിയ ശേഷമായിരിക്കും കണ്‍സെഷന്‍ അനുവദിക്കുക.

