സ്ത്രീകളുടെ മുഖമില്ലാത്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന ഓൺലൈൻ മധ്യമങ്ങളെ നിയന്ത്രിക്കും: മന്ത്രി ബിന്ദു കൃഷ്ണ
ഒരു ചടങ്ങിൽ പങ്കെടുത്ത തന്റെ മുഖമില്ലാത്ത ചിത്രങ്ങൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെ പരാമർശിച്ചാണ് മന്ത്രി പറഞ്ഞത്.
തിരുവനന്തപുരം: സ്ത്രീകളുടെ ശരീരത്തെ ദുർവ്യാഖ്യാനം ചെയ്യുന്ന ഓൺലൈൻ ചാനലുകളെ സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്ന് വനിതാശിശു വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. മന്ത്രിയായിട്ടും മുഖം പകർത്താതെ തന്റെ ശരീരത്തിന്റെ ചിത്രം പകർത്തിയെന്നും ഇത്തരം പ്രവണതകൾ വ്യാപകമായി വർധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതുതടയുന്നത് സംബന്ധിച്ച് നിയമനിർമാണം നടത്താൻ സർക്കാർ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു
കൊല്ലത്തെ ഒരു സ്‌കൂളിൽ നടന്ന ചടങ്ങിലാണ് ദുരനുഭവമുണ്ടായതെന്ന് മന്ത്രി വെളിപ്പെടുത്തി. മുഖം പകർത്താതെ ശരീരത്തിന്റെ ചിത്രം മാത്രം പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതുകണ്ട ചിലർ പ്രശ്‌നമുണ്ടാക്കി അത് ഡിലീറ്റ് ചെയ്യിപ്പിക്കുകയായിരുന്നു. എങ്കിലും സ്‌ക്രീൻഷോട്ടുകൾ പ്രചരിച്ചു. സംസ്ഥാനത്തെ ഒരു മന്ത്രിയായ തന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണ സ്ത്രീക്കുണ്ടായേക്കാവുന്ന അനുഭവം എന്തായിരിക്കും എന്ന് മന്ത്രി ചോദിച്ചു.
സെലിബ്രിറ്റികൾ പങ്കെടുക്കുന്ന ചടങ്ങുകളിലും ഇത്തരം വഴിവിട്ട രീതിയിൽ ഓൺലൈൻ ചാനലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനെതിരെ നിയമനിർമാണം നടത്താനുള്ള സാധ്യതകൾ സർക്കാർ തീർച്ചയായും പരിശോധിക്കും. സ്ത്രീകൾക്കും കുട്ടികൾക്കു മെതിരേയുളള കുറ്റകൃത്യങ്ങളോട് സീറോ ടോളറൻസ് എന്നതാണ് സർക്കാർ നയം. ഇതിന്റെ ഭാഗമായി 'സേഫ് വിമൻ പോളിസി', 'സേഫ് ഫാമിലി പോളിസി' എന്നിവ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

