headerlogo
recents

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വിജിലൻസ് പരിശോധന, ലക്ഷകണക്കിന് രൂപയുടെ അഴിമതി കേസുകൾ കണ്ടെത്തി

ഓപ്പറേഷൻ പ്രോജക്ട് സീറോ യുടെ ഭാഗമായി ഓപ്പറേഷൻ പാർപ്പിടം എന്ന പേരിൽ സംസ്ഥാന വ്യാപകമായി തദ്ദേശസ്ഥാപനങ്ങളിൽ ഇന്നലെ നടന്ന വിജിലൻസ് പരിശോധനയിലാണ് വൻ അഴിമതികൾ കണ്ടെത്തിയത്.

 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വിജിലൻസ് പരിശോധന, ലക്ഷകണക്കിന് രൂപയുടെ അഴിമതി കേസുകൾ കണ്ടെത്തി
avatar image

NDR news

23 Jul 2026 02:58 PM

തിരുവനന്തപുരം: പ്രോജക്ട് സീറോ” യുടെ ഭാഗമായി ‘ഓപ്പറേഷൻ പാർപ്പിടം’ എന്ന പേരിൽ കെട്ടിട നിർമ്മാണ അനുമതിയിലും അനധികൃത നിർമ്മാണങ്ങളുടെ ക്രമവത്കരണത്തിലുള്ള അഴിമതിയും ക്രമക്കേടുകളും കണ്ടെത്താൻ വിജിലൻസ് നടത്തിയ സംസ്ഥാനതല മിന്നൽ പരിശോധനയിൽ വ്യാപക അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി.* 

      സംസ്ഥാനത്തെ തദ്ദേശ സ്വയം-ഭരണ സ്ഥാപനങ്ങളിൽ കെട്ടിട നിർമ്മാണ അനുമതി, ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കൽ, കെട്ടിട നമ്പർ അനുവദിക്കൽ, കെട്ടിട നികുതി നിർണയം, അനധികൃത നിർമ്മാണങ്ങളുടെ ക്രമവത്കരണം എന്നിവയുമായി ബന്ധപ്പെട്ട് ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായി വിജിലൻസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ 6 മുനിസിപ്പൽ കോർപ്പറേഷനുകളിലും, തിരഞ്ഞെടുത്ത 30 മുനിസിപ്പാലിറ്റികളിലും, 24 ഗ്രാമപഞ്ചായത്തുകളിലുമായി 68 ഓഫീസുകളിൽ "ഓപ്പറേഷൻ പാർപ്പിടം” എന്ന പേരിൽ ഇന്നലെ (22.07.2026) രാവിലെ 10.30 മണി മുതൽ വിജിലൻസ് നടത്തിയ സംസ്ഥാനതല മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകളും അഴിമതിയും കണ്ടെത്തി.

       അഴിമതി മുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വിജിലൻസ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന “പ്രോജക്ട് സീറോ” പദ്ധതിയുടെ ഭാഗമായി, വിവിധ വകുപ്പുകളിലെ സേവന വിതരണ സംവിധാനങ്ങളിലെ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി തടയുന്നതിനുള്ള പ്രോ-ആക്ടീവ് വിജിലൻസ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സംസ്ഥാനതല മിന്നൽ പരിശോധന നടത്തിയത്.

        സംസ്ഥാനവ്യാപകമായി നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 30 ഉദ്യോഗസ്ഥർ, കെട്ടിട നിർമ്മാണാനുമതിക്കും കെട്ടിട പ്ലാനുകൾ തയ്യാറാക്കി സമർപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന വിവിധ സ്വകാര്യ കൺസൾട്ടൻസി സ്ഥാപനങ്ങൾ, എൻജിനീയർമാർ, ആർക്കിടെക്ടുമാർ, കോൺട്രാക്ടർമാർ ഏജന്റുമാർ തുടങ്ങിയവരിൽ നിന്ന് 45 ലക്ഷത്തോളം രൂപ അനധികൃതമായി കൈപ്പറ്റിയതായി വിജിലൻസ് പ്രാഥമികമായി കണ്ടെത്തി. തൃശ്ശൂർ ജില്ലയിലെ കുന്നകുളം മുനിസിപ്പാലിറ്റിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ മുനിസിപ്പൽ സെക്രട്ടറിയുടെ അക്കൗണ്ടിൽ പല ഇടനിലക്കാർ മുഖേന കോൺട്രാക്ടർമാരും ലൈസൻസികളും അയച്ച് നൽകിയതായി സംശയിക്കുന്ന 21,50,000/- രൂപ കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് ഓൺലൈൻ ട്രാൻസാക്ഷൻ വഴി ലഭിച്ചതും കൊച്ചിൻ കോർപ്പറേഷന്റെ ഫോർട്ട് കൊച്ചി സോണൽ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് അസിസ്റ്റന്റ് എൻജിനീയർമാരും ഒരു ഓവർസീയറും ഒരു ബിൽഡിംഗ് ഇൻസ്പെക്ടറും കോൺട്രാക്ടർമാരിൽ നിന്നും 12,69,000/- രൂപ ഓൺലൈൻ ട്രാൻസാക്ഷൻ മുഖേന കൈപ്പറ്റിയതും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ ഒരു ഓവർസീയർ 1,37,000/- രൂപ കോൺട്രാക്ടർമാരുടെ പക്കൽ നിന്നും കൈപ്പറ്റിയതും, വർക്കല മുനിസിപ്പാലിറ്റിയിലെ ഒരു താൽക്കാലിക ഓവർസീയർ 2,03,000/- രൂപ പല തവണയായി ഒരു കൺസൾട്ടൻസി സ്ഥാപനയുടമയിൽ നിന്നും അക്കൗണ്ട് മുഖേനേ കൈപ്പറ്റിയതും കണ്ടെത്തി. വയനാട് ജില്ലയിലെ അമ്പലവയൽ ഗ്രാമ പഞ്ചായത്തിലെ ഒരു സ്വീപ്പർ ഒരു ബിൽഡിംഗ് കോൺട്രാക്ടറുടെ പക്കൽ നിന്നും 2,08,500/- രൂപ അക്കൗണ്ടിലൂടെ കൈപ്പറ്റിയതും വിജിലൻസ് കണ്ടെത്തി. കൂടാതെ, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ ഒരു സർവേയറുടെ സ്വകാര്യ വാഹനത്തിൽ നിന്ന് കണക്കിൽപ്പെടാത്ത 45,000 രൂപ വിജിലൻസ് മിന്നൽ പരിശോധനയ്ക്കിടെ പിടിച്ചെടുക്കുകയും ചെയ്തു.

     സംസ്ഥാനതലത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ, മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കെട്ടിട നിർമ്മാണാനുമതി അനുവദിക്കുന്നതിൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരമുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്നും, നിർമ്മാണം പൂർത്തിയായ കെട്ടിടങ്ങൾക്ക് ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കൽ, കെട്ടിട നമ്പർ അനുവദിക്കൽ, കെട്ടിട നികുതി നിർണയം, അനധികൃത നിർമ്മാണങ്ങൾക്ക് യു.എ.സി. നമ്പർ അനുവദിച്ച് നികുതി ഈടാക്കൽ, നികുതി നിശ്ചയിച്ച് നൽകൽ, അനധികൃത നിർമ്മാണങ്ങളുടെ ക്രമവത്കരണം എന്നിവയുമായി ബന്ധപ്പെട്ട നിയമാനുസൃത നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വ്യാപകമായ വീഴ്ചകൾ നിലനിൽക്കുന്നതായും വിജിലൻസ് കണ്ടെത്തി. നിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് അനുമതിയില്ലാതെ അധിക നിലകൾ നിർമ്മിക്കൽ, നിർബന്ധമായ സെറ്റ്ബാക്ക്, ഫ്ലോർ ഏരിയ റേഷ്യോ, കവറേജ്, പാർക്കിംഗ്, അഗ്നിസുരക്ഷാ സംവിധാനങ്ങൾ,കോസ്റ്റൽ റെഗുലേഷൻ സോൺ മാനദണ്ഡങ്ങൾ തുടങ്ങിയ നിയമപരമായ വ്യവസ്ഥകൾ പാലിക്കാതെയുള്ള നിർമ്മാണങ്ങൾക്ക് ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി ഒക്കുപ്പൻസി സർട്ടിഫിക്കറ്റ്, കെട്ടിട നമ്പർ എന്നിവ അനുവദിക്കുന്നതായും, കൊമേഴ്സ്യൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പല കെട്ടിടങ്ങൾക്കും റസിഡൻഷ്യൽ ബിൽഡിംഗ് നമ്പർ അനുവദിച്ച് നൽകി കെട്ടിട നികുതി തട്ടിപ്പിന് ഉദ്യോഗസ്ഥർ കൂട്ടു നിൽക്കുന്നതായും, അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾക്കെതിരെ ചട്ടപ്രകാരം സ്വീകരിക്കേണ്ട നടപടികൾ സ്വീകരിക്കുന്നില്ലായെന്നും വിജിലൻസ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

     തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം കോർപ്പറേഷന്റെ കഴക്കൂട്ടം സോണൽ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒരു ഫസ്റ്റ് ഗ്രേഡ് ഓവർസീയർ ഒരു കൺസൾട്ടൻസി സ്ഥാപനവുമായി 5000/- രൂപയുടെ സാമ്പത്തിക ഇടപാട് ഓൺലൈൻ മുഖേന നടത്തിയതായി വിജിലൻസ് കണ്ടെത്തുകയും, മിന്നൽ പരിശോധനയുടെ ഭാഗമായി നടത്തിയ ഫീൽഡ് വെരിഫിക്കേഷനിൽ സോണൽ ഓഫീസ് പരിധിയിൽ വരുന്ന ഒരു കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലുളള പാർക്കിംഗ് ഏരിയ കെട്ടി അടച്ച് ഷോപ്പ് ആയി ഉപയോഗിക്കുന്നതിന് താൽകാലിക കെട്ടിട നമ്പർ നൽകിയിരുന്നതും വിജിലൻസ് കണ്ടെത്തി. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ ഒരു ഓവർസീയർ 1,37,000/- രൂപ കോൺട്രാക്ടർമാരുടെ പക്കൽ നിന്നും ഓൺലൈൻ ട്രാൻസാക്ഷൻ മുഖേന കൈപ്പറ്റിയതും, വർക്കല മുനിസിപ്പാലിറ്റിയിലെ ഒരു താൽക്കാലിക ഓവർസീയർ 2,03,000/- രൂപ പല തവണയായി ഒരു കൺസൾട്ടൻസി സ്ഥാപനയുടമയിൽ നിന്നും അക്കൗണ്ട് മുഖേനേ കൈപ്പറ്റിയതായും കണ്ടെത്തി. വിളപ്പിൽശാല ഗ്രാമപഞ്ചായത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒരു സെക്കന്റ് ഗ്രേഡ് ഓവർസിയറുടെ അക്കൗണ്ടിലേക്ക് പഞ്ചായത്തിലെ മരാമത്ത് ജോലികൾ ഏറ്റെടുത്തു നടത്തുന്ന ഒരു കരാറുകാരന്റെ അക്കൗണ്ടിൽ നിന്നും 67,000/- രൂപ അനധികൃതമായി അയച്ച് ലഭിച്ചതായും വിജിലൻസ് കണ്ടെത്തി. പൂവ്വാർ ഗ്രാമപഞ്ചായത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ, ബാക്ക് വാട്ടർ ബോട്ട് സർവ്വീസുകൾക്കായി അനധികൃതമായി കെട്ടിടങ്ങൾ നിർമ്മിച്ച് പ്രവർത്തിച്ച് വരുന്നതായും, കോസ്റ്റൽ റെഗുലേഷൻ സോൺ മാനദണ്ഡങ്ങൾ ലംഘിച്ച് ഹോംസ്റ്റേകൾ നിർമ്മിച്ചിരിക്കുന്നതായും, അനധികൃതമായി നിർമ്മിച്ച ഒരു കെട്ടിടത്തിന്റെ സെല്ലാർ ഏര്യയിൽ ഒരു ബാർ പ്രവർത്തിച്ചു വരുന്നതായും വിജിലൻസ് നടത്തിയ പ്രാഥമികമായ ഫീൽഡ് വെരിഫിക്കേഷനിൽ കണ്ടെത്തി.

      കൊല്ലം ജില്ലയിലെ പറവൂർ മുനിസിപ്പാലിറ്റിയിൽ നടത്തിയ നടത്തിയ മിന്നൽ പരിശോധനയിൽ കെട്ടിട നിർമ്മാണ ചട്ടങ്ങളും, കോസ്റ്റൽ റെഗുലേഷൻ സോൺ മാനദണ്ഡങ്ങളും പാലിക്കാതെ നിർമ്മിച്ച ടർഫ് പ്രവർത്തിക്കുന്നതായും, പ്രസ്തുത നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാതെ ഉദ്യോഗസ്ഥർ ക്രമവത്കരിച്ച് നൽകിയതും വിജിലൻസ് കണ്ടെത്തി. കൊല്ലം കോർപ്പറേഷന്റെ വടക്കേവിള സോണൽ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാർ ഒരു ലൈസൻസ്ഡ് കോൺട്രാക്ടറുമായി സംശയാസ്പദവും വിശദീകരിക്കാൻ സാധിക്കാത്തതുമായ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുള്ളതായും, കൊല്ലം കോർപ്പറേഷനിലെ പ്ലാനിംഗ് & എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഒരു ഓഫീസ് അറ്റൻഡന്റ് ഒരു കോൺട്രാക്ടറിൽ നിന്നും 5,000/- അക്കൗണ്ടിലൂടെ കൈപ്പറ്റിയതും വിജിലൻസ് കണ്ടെത്തി.

     ആലപ്പുഴ ജില്ലയിലെ കായംകുളം മുനിസിപ്പാലിറ്റിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ മൂന്ന് ലൈസൻസികളിൽ നിന്നായി ഠൗൺ പ്ലാനിംഗ് വിഭാഗത്തിലെ ഒരു ക്ലർക്ക് 31,000/- രൂപ അക്കൗണ്ടിലൂടെ കൈപ്പറ്റിയതും, ഇതേ ഓഫീസിലെ തന്നെ ഒരു ഓവർസീയർ ലൈസൻസിയിൽ നിന്നും 3,000/- രൂപ ഓൺലൈൻ മുഖേന അക്കൗണ്ടിലൂടെ കൈപ്പറ്റിയതും കണ്ടെത്തി. 

     കോട്ടയം ജില്ലയിലെ പാല മുനിസിപ്പാലിറ്റിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ 2013 ൽ നിർമ്മിച്ച് പ്രവർത്തിച്ച് വരുന്ന ഒരു അനധികൃത കെട്ടിടത്തിന് കാലങ്ങളായി ഡിമാൻഡ് നോട്ടീസ് നൽകുന്നതല്ലാതെ ചട്ട പ്രകാരമുള്ള യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലായെന്നും, അവസാനം നൽകിയ ഡിമാൻഡ് നോട്ടീസിൽ 62 ലക്ഷം രൂപ കുടിശ്ശിക കാണിച്ചിരിക്കുന്നതായും കണ്ടെത്തി, കൂടാതെ മറ്റ് 40 ഓളം അനധികൃത കെട്ടിടങ്ങൾക്ക് സമാനമായി വർഷങ്ങളായി ഡിമാൻഡ് നോട്ടീസ് നൽകുന്നതല്ലാതെ മറ്റ് ചട്ട പ്രകാരമുള്ള യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലായെന്നും കണ്ടെത്തി.

      ഇടുക്കി ജില്ലയിലെ ഏലപ്പാറ ഗ്രാമ പഞ്ചായത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഈ ഓഫീസിലെ ഒരു ക്ലർക്കിന് ഒരു കെട്ടിട നിർമ്മാണ കോൺട്രാക്ടർ 5,000/- രൂപ അക്കൗണ്ടിലൂടെ അയച്ച് നൽകിയതായി കണ്ടെത്തുകയും ഇതേ ഗ്രാമ പഞ്ചായത്തിൽ തന്നെ പുറമ്പോക്ക് ഭൂമി കയ്യേറി നാല് നിലകളിലായി ഒരു അനധികൃത കെട്ടിട നിർമ്മാണം നടന്നു വരുന്നതും കണ്ടെത്തി. ഇടുക്കി ജില്ലയിലെ തന്നെ പള്ളി വാസൽ ഗ്രാമ പഞ്ചായത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി നിർമിച്ച 262 കെട്ടിടങ്ങൾക്ക് യു.എ.സി നമ്പർ നൽകിയ ശേഷം വർഷങ്ങളായി യാതൊരുവിധ തുടർ നടപടികളും സ്വീകരിക്കാതെ അനധികൃത കെട്ടിടങ്ങൾ നിർബാധം പ്രവർത്തിച്ചു വരുന്നതായി വിജിലൻസ് കണ്ടെത്തി. 

      എറണാകുളം ജില്ലയിൽ കൊച്ചി കോർപ്പറേഷനിലെ പള്ളുരുത്തി സോണൽ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒരു ജൂനിയർ സൂപ്രണ്ട് 6 ലൈസൻസികളിൽ നിന്നായി 21,000/- രൂപ അക്കൗണ്ട് മുഖേന കൈപ്പറ്റിയതും, ഇതേ ഓഫീസിലെ ഒരു ഓവർസീയർ ഒരു കരാറുകാരനിൽ നിന്ന് 16,500/- രൂപ ഓൺലൈൻ ട്രാൻസാക്ഷൻ മുഖേനെ കൈപ്പറ്റിയതും കണ്ടെത്തി. കൊച്ചി കോർപ്പറേഷന്റെ തന്നെ ഫോർട്ട് കൊച്ചി സോണൽ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒരു അസിസ്റ്റന്റ് എഞ്ചിനീയർ 4,92,000/- രൂപ ഒരു കോൺട്രാക്ടറിൽ നിന്ന് സ്വന്തം അക്കൗണ്ട് വഴിയും ബന്ധുക്കളുടെ അക്കൗണ്ട് വഴിയും ഓൺലൈൻ ട്രാൻസാക്ഷൻ മുഖേന വാങ്ങിയെടുത്തതും, ഇതേ അസിസ്റ്റന്റ് എഞ്ചിനീയർ തന്നെ തന്റെ ഫ്ലാറ്റിന്റെ വാടകയിനത്തിൽ 52,000/- രൂപ അതേ കോൺട്രാക്ടറെ കൊണ്ട് ഓൺലൈൻ ട്രാൻസാക്ഷൻ മുഖേന നൽകിപ്പിച്ചതിന്റെ രേഖകളും, ഇതേ ഓഫീസിലെ തന്നെ മറ്റൊരു അസിസ്റ്റന്റ് എൻജിനീയർ 5,03000/- രൂപയും ഒരു ഓവർസീയർ 2,17,000/- രൂപയും ഒരു ബിൽഡിംഗ് ഇൻസ്പെക്ടർ 5,000/- രൂപയും കോൺട്രാക്ടർമാരിൽ നിന്നും ലൈസൻസികളിൽ നിന്നുമായി അക്കൗണ്ട് മുഖാന്തിരം വാങ്ങിയെടുത്തതും വിജിലൻസ് കണ്ടെത്തി.

        തൃശ്ശൂർ ജില്ലയിലെ കുന്നകുളം മുനിസിപ്പാലിറ്റിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ മുനിസിപ്പൽ സെക്രട്ടറിയുടെ അക്കൗണ്ടിൽ പല ഇടനിലക്കാർ മുഖേന കോൺട്രാക്ടർമാരും ലൈസൻസികളും അയച്ച് നൽകിയതായി സംശയിക്കുന്നതും കൃത്യമായി വിശദീകരിക്കാൻ സാധിക്കാത്തതുമായ 21,50,000/- രൂപ കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് ഓൺലൈൻ ട്രാൻസാക്ഷൻ വഴി ലഭിച്ചതായും ഇതേ ഓഫീസിൽ തന്നെയുള്ള ഒരു താൽക്കാലിക ഓവർസീയറുടെ അക്കൗണ്ടിലേക്ക് കോൺട്രാക്ടർമാർ ഒരു ലക്ഷത്തോളം രൂപ ഓൺലൈൻ ട്രാൻസാക്ഷൻ മുഖേന അയച്ച് നൽകിയതും, മറ്റൊരു ഓവർസിയറുടെ അക്കൗണ്ടിലും സംശയാസ്പദമായ സാഹചര്യത്തിൽ കോൺട്രാക്ടർമാരിൽ നിന്നും പണം ഓൺലൈൻ ട്രാൻസാക്ഷൻ മുഖേന അക്കൗണ്ടിലേക്ക് നടന്നിട്ടുള്ളതായും വിജിലൻസ് കണ്ടെത്തി. 

        മലപ്പുറം ജില്ലയിൽ മലപ്പുറം മുനിസിപ്പൽ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒരു ഓവർസീയർ 4,000/- രൂപയും മറ്റൊരു ഓവർസീയർ 20,000/- രൂപയും, ഒരു ക്ലർക്ക് 13,500/- രൂപയും ഒരു റവന്യു ഇൻസ്പെക്ടർ 1,000/- രൂപയും ഒരു ഓഫീസ് അസിസ്റ്റന്റ് 6,800/- രൂപയും വിവിധ കരാറുകാരിൽ നിന്നും ലൈസൻസികളിൽ നിന്നുമായി ഓൺലൈൻ ട്രാൻസാക്ഷൻ മുഖേന അക്കൗണ്ടിലൂടെ അനധികൃതമായി കൈപ്പറ്റിയതായും വിജിലൻസ് കണ്ടെത്തി. 

       കോഴിക്കോട് ജില്ലയിൽ കോഴിക്കോട് കോർപ്പറേഷനിൽ നടത്തിയ മിന്നൽ പരിശോധനയിൽ കോർപറേഷൻ ഠൗൺ പ്ലാനിങ് ഓഫീസിലെ ഒരു അസിസ്റ്റന്റ് എഞ്ചിനീയർ ഒരു ലൈസൻസിയിൽ നിന്നും 20,000/- രൂപ സംശയാസ്പദമായി അക്കൗണ്ട് മുഖേന അയച്ച് വാങ്ങിയത് വിജിലൻസ് കണ്ടെത്തി.

     വയനാട് ജില്ലയിലെ അമ്പലവയൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ, ബിൽഡിംഗ് പ്ലാൻ വരച്ചുനൽകുന്ന ഒരു ലൈസൻസി ഗ്രാമ പഞ്ചായത്തിലെ ഒരു താൽക്കാലിക സ്വീപ്പർക്ക് 2,80,000/- രൂപ പലതവണകളായി ബാങ്ക് അക്കൗണ്ടിലൂടെ അയച്ച് നൽകിയിരിക്കുന്നതായും ഈ താൽക്കാലിക സ്വീപ്പർ 3,200/- പഞ്ചായത്തിലെ ഒരു ഓവർസീയർക്ക് ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് നൽകിയതായും കണ്ടെത്തി. താൽക്കാലിക സ്വീപ്പർ കോൺട്രാക്ടർമാരിൽ നിന്നു ഉദ്യോഗസ്ഥർക്ക് വേണ്ടി ഇടനിലക്കാരനായി നിന്ന് കൈക്കൂലി പണം കൈപ്പറ്റുന്നതാണെന്ന് വിജിലൻസ് സംശയിക്കുന്നു. വയനാട് ജില്ലയിലെ തന്നെ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒരു അസിസ്റ്റന്റ് എഞ്ചിനീയർക്ക് ഒരു കോൺട്രാക്ടർ 1,16,000/- രൂപയും, ഒരു ഓവർസീയർക്ക് അതേ കോൺട്രാക്ടർ 51,000/- രൂപയും മറ്റൊരു ഓവർസീയർക്ക് മറ്റൊരു കോൺട്രാക്ടർ 5,000/- രൂപയും ബാങ്ക് അക്കൗണ്ട് മുഖേന അയച്ച് നൽകിയതായി വിജിലൻസ് കണ്ടെത്തി.

       കാസർഗോഡ് ജില്ലയിലെ അജാനൂർ ഗ്രാമപഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ, ആവശ്യമായ നിയമാനുസൃത ലൈസൻസുകളൊന്നും ഇല്ലാതെ ഒരു സ്വകാര്യ റിസോർട്ട് പഞ്ചായത്തിൽ നിന്നും യു.എ.സി നമ്പർ കരസ്ഥമാക്കി വർഷങ്ങളായി പ്രവർത്തിക്കുന്നതായും ഇതിൽ ഉദ്യോഗസ്ഥർ തുടർ നടപടികൾ സ്വീകരിക്കുന്നില്ലായെന്നും വിജിലൻസ് കണ്ടെത്തി. 

        അഴിമതി മുക്ത കേരളം എന്ന ലക്ഷ്യം മുൻനിർത്തി വിജിലൻസ് ആൻഡ് ആന്റി-കറപ്ഷൻ ബ്യൂറോ നടപ്പിലാക്കി വരുന്ന ‘പ്രോജക്ട് സീറോ’ യുടെ ഭാഗമായി നടത്തിയ സംസ്ഥാനതല മിന്നൽ പരിശോധനയിൽ കെട്ടിട നിർമ്മാണാനുമതി, ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കൽ, കെട്ടിട നമ്പർ അനുവദിക്കൽ, കെട്ടിട നികുതി നിർണയം, അനധികൃത നിർമ്മാണങ്ങളുടെ ക്രമവത്കരണം തുടങ്ങിയ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് കണ്ടെത്തിയ ക്രമക്കേടുകളിലും അഴിമതിയിലും വിശദമായ തുടർപരിശോധനകൾ നടത്തി കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും, കെട്ടിട നിർമ്മാണാനുമതിയും അനുബന്ധ നടപടിക്രമങ്ങളും സുതാര്യവും അഴിമതി മുക്തവും ആക്കുന്നതിനായി ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ ‘പ്രോജക്ട് സീറോ’ യുടെ ഭാഗമായി ആവിഷ്കരിച്ച് നടപ്പിലാക്കുമെന്നും വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം, ഐ.പി.എസ്. അറിയിച്ചു

        പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്ട്സ്ആപ്പ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.

NDR news
23 Jul 2026 02:58 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents