പേരാമ്പ്ര മാർക്കറ്റിൽ കടയുടെ കോൺക്രീറ്റ് സീലിംഗ് അടർന്നു വീണു.
പഞ്ചായത്ത് വക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചിക്കൻ സ്റ്റാൾ നടത്തുന്ന ഭാഗത്താണ് അപകടം. ആർക്കും പരിക്കില്ല.
പേരാമ്പ്ര : പേരാമ്പ്ര മാർക്കറ്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കടയുടെ കോൺക്രീറ്റ് സീലിംഗ് തകർന്നു വീണു. പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന, നിയാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള 'ഫിദ ചിക്കൻ സ്റ്റാളിലാണ്' അപകടമുണ്ടായത്. സംഭവസമയത്ത് കടയിലുണ്ടായിരുന്ന നിയാസ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കോൺക്രീറ്റ് ഭാഗങ്ങൾ സീലിങ്ങിന് മുകളിലേക്ക് പൊഴിഞ്ഞുവീഴുന്ന ശബ്ദം കേട്ട ഉടൻ നിയാസ് കടയിൽനിന്ന് പുറത്തേക്ക് ഓടി മാറിയതിനാലാണ് വൻ അപകടം ഒഴിവായത്. വലിയ ശബ്ദത്തോടെയാണ് കോൺക്രീറ്റ് പാളികൾ താഴേക്ക് പതിച്ചത്.
വർഷങ്ങൾ പഴക്കമുള്ളതും ദ്രവിച്ചതുമായ ഈ കെട്ടിടം അപകടഭീഷണി ഉയർത്തുന്നതായി വ്യാപാരികൾ ആരോപിച്ചു. അപകടം ഒഴിവാക്കാൻ കെട്ടിടം അടിയന്തരമായി പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കണമെന്ന് കച്ചവടക്കാർ ഗ്രാമപഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.

