മുത്തങ്ങ കേസ് ഗീതാനന്ദൻ ഉൾപ്പെടെ 56 പേരെ കോടതി വെറുതെ വിട്ടു.
മുത്തങ്ങ സംഭവത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ ഗീതാനന്ദൻ ഉൾപ്പെടെ 56 പേരെ വയനാട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടു
കല്പറ്റ: മുത്തങ്ങ സമരത്തിനിടെ പോലീസ് കോൺസ്റ്റബിൾ വിനോദ് കൊല്ലപ്പെട്ട കേസില്‍ എം.ഗീതാനന്ദൻ ഉൾപ്പടെ 56 പേരും വെറുതെ വിട്ടു. വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 2003 ഫെബ്രുവരി 19ന് നടന്ന സംഭവത്തിൽ 23 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കോടതിയുടെ നിർണായക വിധി .
പോലീസുകാരനായ വിനോദിനെ വെട്ടിക്കൊന്നത് രണ്ടാം പ്രതിയായ അശോകനാണെന്ന് കോടതി കണ്ടെത്തി. എന്നാൽ അശോകൻ നേരത്തെ മരണപ്പെട്ടതിനാൽ ശിക്ഷ വിധിച്ചിട്ടില്ല. വിനോദ് വധത്തിൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്നും, മറ്റ് പ്രതികളുടെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കി.
വയനാട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി ഇ. അയൂബ്ഖാനാണ് കേസിൽ വിധി പറഞ്ഞത്. അതേസമയം മുത്തങ്ങ സംഭവത്തിലെ അബ്ദുൾ സലാം വധശ്രമക്കേസിൽ എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഗീതാനന്ദന് പുറമേ ബിനു, രമേശൻ കൊയ്യാലിപുര, അനിൽകുമാർ എന്നിവരാണ് ഈ കേസിൽ കുറ്റക്കാരായി കണ്ടെത്തിയത്.
ഇവർക്ക് അഞ്ചു വർഷം കഠിനതടവും പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഭൂസമരത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം കണ്ട ഏറ്റവും വലിയ സംഘർഷങ്ങളിലൊന്നിനാണ് ഇപ്പോൾ കോടതിയുടെ വിധിയുണ്ടായിരിക്കുന്നത്. 2003 ഫെബ്രുവരി 19നാണ് കേരളത്തെ നടുക്കിയ സംഭവം നടക്കുന്നത്. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം ലംഘിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ കുടില്‍ കെട്ടി സമരം തുടങ്ങിയത്. ഇവരെ ഒഴിപ്പിക്കാൻ പോലീസ് എത്തിയതോടെയാണ് വൻ സംഘർഷമുണ്ടായത്. പോലീസ് നടപടിക്കിടെയാണ് അവർ ബന്ദിയാക്കിയ വിനോദിന് വെട്ടേറ്റത്.
സമരക്കാരിൽനിന്ന് രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി വിനോദിന് ജീവൻ നഷ്ടമായി. പോലീസ് വെടിവെപ്പിൽ ജോഗി എന്ന ആദിവാസി യുവാവും കൊല്ലപ്പെട്ടിരുന്നു.

