ഓടുന്ന ട്രെയിനിൽ നിന്നും യുവാവും യുവതിയും ചാടിയതായി സംശയം
തിരുവനന്തപുരം കൊച്ചുവേളിയിൽ ഓടുന്ന ട്രെയിനിൽ നിന്നും യുവാവും യുവതിയും ചാടിയതായി സംശയം
തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവാവും യുവതിയും ചാടിയതായി സംശയം. കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തെ നൂറടി പാലത്തിനനടുത്താണ് സംഭവം. യുവാവ് യുവതിയുടെ കൈയിൽ പിടിച്ചാണ് ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയതെന്ന് സഹയാത്രികർ പറയുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് റെയിൽവേ പൊലീസ്, പ്രാദേശിക പൊലീസ്, ഫയർഫോഴ്‌സ് എന്നിവർ സ്ഥലത്തെത്തി വ്യാപക തെരച്ചിൽ ആരംഭിച്ചു. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുവരികയാണ്. നിലവില്‍ പരിശോധനയില്‍ ആരെയും കണ്ടെത്താനായിട്ടില്ല. പ്രതികൂല കാലാവസ്ഥയായതിനാല്‍ തിരച്ചില്‍ നിര്‍ത്തി ഉദ്യോഗസ്ഥര്‍ മടങ്ങി. യാത്രക്കാര്‍ പറഞ്ഞ വിവരം മാത്രമെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു.
സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇരുവരെയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും സംഭവത്തിന്റെ യഥാർഥ കാരണം ഉൾപ്പെടെ എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്നും റെയിൽവേ പൊലീസ് അറിയിച്ചു

