വളയത്ത് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്കും രണ്ടു കുട്ടികൾക്കും പരിക്ക്
വളയം മണ്ണാർകണ്ടിയിലാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ വിദ്യാർത്ഥിനിയുടെ നില ഗുരുതരം
നാദാപുരം: വളയം വണ്ണാർകണ്ടിയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്കും രണ്ട് കുട്ടികൾക്കും പരിക്ക്. ഒരു വിദ്യാർഥിനിയുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് വൈകീട്ട് 3:15-നാണ് അപകടം സംഭവിച്ചത്.
പാറക്കടവ് താനക്കോട്ടൂർ സ്വദേശിയായ യുവതിയും രണ്ട് കുട്ടികളും സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. കുറുവന്തേരിയിൽ നിന്നും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമായി സ്കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മൂവരെയും ഉടൻതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് മേഖലയിൽ വിവരമറിഞ്ഞ് വളയം പോലീസും പ്രാദേശിക സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

