പി എസ് സി ക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം
സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽ കാൻ ഒരു മാസം മുമ്പ് നല്കിയ ഉത്തരവ് പി എസ് സി പാലിക്കാത്തതു കൊണ്ടാണ് കമ്മീഷന്റെ കടുത്ത നടപടി
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് വിവാദത്തിൽ നിർണായക ഇടപെടലുമായി സംസ്ഥാന വിവരാവകാശ കമ്മീഷൻ. പരീക്ഷയുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട ഉദ്യോഗാർഥിക്ക് ഉടൻ കൈമാറാൻ പി.എസ്.സിക്ക് കമ്മീഷൻ അന്ത്യശാസനം നൽകി. രേഖകൾ നൽകുന്നതിൽ ഉണ്ടായ കാലതാമസത്തിന് വിശദീകരണം സമർപ്പിക്കാനും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ ഒരു മാസം മുമ്പ് ഉത്തരവിട്ടിട്ടും പി.എസ്.സി അത് പാലിക്കാത്ത സാഹചര്യത്തിലാണ് കമ്മീഷന്റെ കടുത്ത നടപടി. രേഖകൾ കൈമാറാതിരുന്നത് നിരുത്തരവാദപരമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷൻ, വിവരാവകാശ നിയമപ്രകാരം തുടർനടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.
ഇതിനിടെ, പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വ്യാപിപ്പിച്ചിട്ടുണ്ട്. ഇതുവരെ 90-ലധികം പരാതികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. എല്ലാ പരാതികളും വിശദമായി പരിശോധിച്ച് ക്രമക്കേടിന്റെ വ്യാപ്തിയും ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുകയാണ് സംഘം.
ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ നാലുതവണ പി.എസ്.സി ആസ്ഥാനത്ത് പരിശോധന നടത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ പി.എസ്.സിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിൽ 54 മാർക്കിന്റെ 10 ചോദ്യങ്ങൾ എന്തുകൊണ്ട് മൂല്യനിർണയം ചെയ്തില്ല എന്നതാണ് എസ്.ഐ.ടി പ്രധാനമായും അന്വേഷിക്കുന്നത്.
ഉദ്യോഗാർഥിയായ കെ. ശ്യാംകൃഷ്ണൻ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. നിലവിൽ ഐജി അജിത ബീഗത്തിനൊപ്പം എസ്.പി സക്കറിയ മാത്യു, ഡിവൈ.എസ്.പി ജി. അജയ് നാഖ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്

