കെഎസ്ആർടിസി ഓണം സ്പെഷ്യൽ സർവീസിൽ നടത്തും
ഓണത്തോടനുബന്ധിച്ച് ബാംഗ്ലൂര്, മൈസൂര്, ചെന്നൈ നഗരങ്ങളിൽ നിന്നും തിരിച്ചും കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് ഉണ്ടാവും. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് കെ എസ് ആര്‍ ടി സി നടത്തുന്ന സ്പെഷ്യൽ അന്തര്‍സംസ്ഥാന സര്‍വീസുകളിൽ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു. ആഗസ്റ്റ് 18 മുതല്‍ സെപ്തംബര്‍ രണ്ട് വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും നടത്തുന്ന
സര്‍വീസുകള്‍ക്കാണ് മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നത്. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ നഗരങ്ങളിലേക്ക് ഈമാസം പതിനെട്ട് മുതല്‍ സെപ്തംബര്‍ ഒന്ന് വരെയും തിരികെ കേരളത്തിലേക്ക് 19 മുതല്‍ സെപ്തംബര്‍ രണ്ട് വരെയുമാണ് പ്രത്യേക സര്‍വീസുകള്‍ ഉള്ളത്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് എട്ടും കണ്ണൂരിലേക്ക് നാലും എറണാകുളത്തേക്ക് നാലും തൃശൂരിലേക്ക് മൂന്നും കോട്ടയത്തേക്ക് രണ്ടും ബസുകള്‍ സര്‍വീസ് നടത്തും. ഇതിനു പുറമെ മലപ്പുറം, ആലപ്പുഴ, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, ചേര്‍ത്തല, ഹരിപ്പാട്, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും സൂപ്പര്‍ ഡീലക്സ്, സ്പെഷ്യല്‍ ഫാസ്റ്റ് സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ട്. മൈസൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് രണ്ടും എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് ഓരോ ബസും സര്‍വീസ് നടത്തും.
ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സൂപ്പര്‍ ഡീലക്സും എറണാകുളത്തേക്ക് മള്‍ട്ടി ആക്സില്‍ എ സിയുമാണ് സര്‍വീസ് നടത്തുക. ഈ നഗരങ്ങളില്‍ നിന്ന് തിരികെ മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലേക്കും സമാന രീതിയില്‍ സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. എല്ലാ പ്രത്യേക ബസുകള്‍ക്കും ഓണ്‍ലൈന്‍ വഴിയോ നേരിട്ട് റിസർവേഷൻ കൗണ്ടറുകളിൽ നിന്നോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

