മെഡിക്കൽ കോളേജ് പരിസരത്ത് സുരക്ഷ ശക്‌തമാക്കുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് മോഷണം, മദ്യപാനം, മയക്കുമരുന്ന് വില്പന കൂടിവരുന്നതിനാൽ സുരക്ഷ ശക്‌തമാക്കുന്നു.
കോഴിക്കോട്: സമീപകാലത്ത് ആശുപത്രി പരിസരത്ത് മോഷണശ്രമങ്ങള്‍, ആശുപത്രി സ്വത്ത് നശിപ്പിക്കല്‍, അനാവശ്യമായി തങ്ങിനില്‍ക്കല്‍, പൊതുസ്‌ഥലങ്ങളില്‍ മദ്യപാനം, ലഹരിവസ്‌തുക്കളുടെ ഉപയോഗം, രോഗികള്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്ന് മെഡിക്കല്‍കോളജ് സൂപ്രണ്ട് ഡോ.എം.പി.ശ്രീജയന്‍ അറിയിച്ചു.
ആശുപത്രി പരിസരത്ത് ചികിത്സയുമായോ ആശുപത്രി സേവനങ്ങളുമായോ ബന്ധമില്ലാതെ അനധികൃതമായി തങ്ങിനില്‍ക്കുന്നവരെയും അലഞ്ഞുതിരിയുന്നവരെയും ആദ്യം നീക്കം ചെയ്യും. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പോലീസിനെ വിവരം അറിയിക്കുകയും വേണ്ടി വന്നാൽ നിയമപ്രകാരം കേസെടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
രോഗികളുടെ കൂട്ടിരിപ്പുകാര്‍ ആശുപത്രി അധികൃതര്‍ അനുവദിച്ചിട്ടുള്ള സ്‌ഥലങ്ങളില്‍ മാത്രമേ തങ്ങിനില്‍ക്കാന്‍ പാടുള്ളു. വാര്‍ഡുകള്‍, ഇടനാഴികള്‍, പടിക്കെട്ടുകള്‍, പ്രവേശന കവാടങ്ങള്‍, പാര്‍ക്കിങ് മേഖലകള്‍, മറ്റ് പൊതുസ്‌ഥലങ്ങള്‍ എന്നിവിടങ്ങളില്‍ അനാവശ്യമായി കൂട്ടംകൂടുകയോ രാത്രി തങ്ങിനില്‍ക്കാനോ അനുവദിക്കില്ല. സുരക്ഷാ ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെയും നടപടി സ്വീകരിക്കും.
സുരക്ഷ ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആശുപത്രിയിലെ പ്രധാന പ്രവേശന കവാടങ്ങള്‍, വാര്‍ഡുകള്‍, ഒ.പി.ബ്ലോക്കുകള്‍, പാര്‍ക്കിങ് മേഖലകള്‍, ആളൊഴിഞ്ഞ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പട്രോളിങ്ങും നിരീക്ഷണവും വര്‍ധിപ്പിച്ചിട്ടുണ്ട്.
ആശുപത്രി സ്വത്തുക്കളായ എ.സി.ഔട്ട്‌ഡോര്‍ യൂണിറ്റുകള്‍, കോപ്പര്‍ കേബിളുകള്‍, വൈദ്യുത ഉപകരണങ്ങള്‍ തുടങ്ങിയവയുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും ഫലപ്രദമായ നിരീക്ഷണം ഉറപ്പാക്കുന്നതിനായി കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കുമെന്നുംഅദ്ദേഹം പറഞ്ഞു.ഈയിടെ മെഡിക്കല്‍കോളജില്‍ രോഗിയുടെ കുട്ടിരുപ്പുകാരിയ മയക്കുമരുന്നുമായി പിടികൂടിയിരുന്നു.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരും മറ്റു ക്രിമിനലുകളും മെഡിക്കല്‍കോളജ് പരിസരം കേന്ദ്രീകരിച്ച് അനാശാസ പ്രവര്‍ത്തനങ്ങൾ നടത്തുന്നതായി അറിയാൻ കഴിഞ്ഞു.

