താമരശ്ശേരിയിലെ ഫ്രഷ് കട്ട് സമരം വിജയം കണ്ടു
താമരശ്ശേരി ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് അടച്ചുപൂട്ടാൻ കേരള മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവായി.
താമരശ്ശേരി: താമരശ്ശേരിയിലെ ഫ്രഷ് കട്ട് ഓര്‍ഗാനിക് പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് അടച്ചുപൂട്ടാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവ്. ഗുരുതരമായ പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതികളെ തുടര്‍ന്നാണ് നടപടി. സ്ഥാപനത്തിന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
താമരശ്ശേരി അമ്പായത്തോട്ടിൽ പ്രവര്‍ത്തിക്കുന്ന പൗള്‍ട്രി റെന്‍ഡറിങ് പ്ലാന്റിനെതിരെയാണ് നടപടി. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അറവുശാലാ മാലിന്യങ്ങളും കോഴി മാലിന്യങ്ങളും സംസ്‌കരിക്കുന്നതിനായി പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനത്തില്‍ 20 ടണ്‍ ശേഷി മാത്രമുള്ള സ്ഥാനത്ത് പ്രതിദിനം 200 ടണ്ണോളം മാലിന്യം എത്തിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചിരുന്നു.
സംസ്‌കരണത്തിലെ അപാകതകള്‍ മൂലം രൂക്ഷമായ ദുര്‍ഗന്ധവും സമീപത്തെ ഇരുതുള്ളി പുഴയിലുണ്ടായ വലിയ തോതിലുള്ള ജല മലിനീകരണവും തുടങ്ങിയവയായിരുന്നു പ്രധാന പ്രശ്‌നം. ജനകീയ കര്‍മസമിതി, ഇരുതുള്ളി റിവര്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി ശക്തമായ രാപ്പകല്‍ സമരങ്ങളാണ് പ്രദേശത്ത് നടന്നിരുന്നത്.

