അയവദാനത്തിന് സമ്മതപത്രം നല്കി നിഷ ജോസ് കെ മാണി
മരണശേഷം 14 അവയവങ്ങൾ ദാനം ചെയ്യാൻ സമ്മത പത്രം നൽകി ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷ ജോസ് കെ മാണി
കോട്ടയം: ‘എന്റെ മരണം മറ്റൊരാളുടെ തുടക്ക മാകുമെങ്കിൽ, അങ്ങനെയാകട്ടെ’- മരണാനന്തരം തന്റെ 14 അവയവങ്ങൾ ദാനം ചെയ്യാൻ അവയവദാന സമ്മത പത്രത്തിൽ ഒപ്പിട്ട് നിഷാ ജോസ് കെ.മാണി. കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷനിലാണ് (നോട്ടോ) ഇതിനായി രജിസ്റ്റർ ചെയ്തത്. ‘എന്റെ മരണം വെറുമൊരു വിടവാങ്ങൽ മാത്രമാകരുതെന്നും 14 പേർക്ക് പുതിയ തുടർച്ചയാകണമെന്ന് ആഗ്രഹിക്കുന്നു,’ എന്ന് ഫെയ്‌സ്‌ബുക്കിലൂടെയാണ് അവർ അറിയിച്ചത്.
വീണ്ടും മിടിക്കുന്ന ഹൃദയം, മറ്റൊരു സൂര്യോദയം കാണാൻ കഴിയുന്ന കണ്ണുകൾ, വർഷങ്ങളുടെ കഷ്ടപ്പാടുകളിൽനിന്ന് മറ്റൊരാൾക്ക് മോചനം നൽകുന്ന വൃക്ക, പ്രിയപ്പെട്ടവരുമായി കൂടുതൽ സമയം ചെലവഴിക്കാൻ അവസരം നൽകുന്ന കരൾ, ശ്വാസകോശം, ടിഷ്യുകൾ എന്നിവ ദാനംചെയ്താൽ 14 പേർക്കാണ് പുതുജീവൻ ലഭിക്കുക.
കുറച്ചുപേർക്കെങ്കിലും പുതിയൊരു ‘ജീവൻ സമ്മാനിച്ചാണ് അമ്മ മടങ്ങിയതെന്ന് മക്കൾ ഓർക്കണ മെന്നും അവർ കുറിച്ചു. ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നവർക്ക് നോട്ടോയുടെ രജിസ്ട്രേഷൻ ലിങ്കും കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്. ജോസ് കെ. മാണി എം.പി.യുടെ ഭാര്യയാണ് നിഷ.

