വട്ടോളി ബസാറിൽ കാർ അപകടം ഒരാൾ മരിച്ചു അഞ്ചു പേർക്ക് പരിക്ക്
കാർ നിയന്ത്രണം വിട്ട് ഇടിച്ചുമറിഞ്ഞ അപകടത്തിൽ എറണാകുളം നോർത്ത് പറവൂർ സ്വദേശി വിഷ്ണു ആണ് മരിച്ചത്.
ബാലുശ്ശേരി: ബാലുശ്ശേരിക്ക് സമീപം വട്ടോളി ബസാറിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് സാരമായി പരിക്കേറ്റു. എറണാകുളം നോർത്ത് പറവൂർ സ്വദേശി തോപ്പിൽ തോഴിതാഴെ വിഷ്ണുവാണ് അപകടത്തിൽ മരണപ്പെട്ടത്.
ഇന്ന് പുലർച്ചെ 12.30-ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം.കിനാലൂർ ജോഗർ കമ്പനിയിലെ കരാർ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ബാലുശ്ശേരിയിൽ നിന്ന് ഭക്ഷണം കഴിച്ച് തിരികെ മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച ശേഷം മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും ത തകർന്നു.
നരിക്കുനിയിൽ നിന്നെത്തിയ ഫയർഫോഴ്‌സും ഹൈവേ പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറിൽ കുടുങ്ങിക്കിടന്നവരെ ഏറെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത്.
പരിക്കേറ്റവരിൽ ഒരാളെ സ്വകാര്യ ആശുപത്രിയിലും, നാല് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

