10 ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും ഏജന്റുമാരും വിജിലൻസ് പിടിയിൽ
എർണാകുളം ലാൻഡ് റെക്കോർഡ്സ് തഹസിൽദാർ ജോസഫ് ആന്റണിയും ഏജന്റ് മാരായ ഷിബിൻ, രാജേഷ് കണ്ണൻ എന്നിവരാണ് വിജിലൻസ് പിടിയിലായത്
കൊച്ചി: 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും ഏജന്റുമാരും വിജിലൻസ് പിടിയിൽ. ലാൻഡ് റെക്കോർഡ്സ് (കണയന്നൂർ) തഹസിൽദാർ ജോസഫ് ആന്റണിയും ഇയാളുടെ രണ്ട് ഏജന്റുമാരെയും എറണാകുളം വിജിലൻസ് യൂണിറ്റ് പിടികൂടുകയായിരുന്നു. കൊച്ചി കടവന്ത്രയിൽ ഭൂമി സംബന്ധമായ ഇടപാടിനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഷിബിൻ, രാജേഷ് കണ്ണൻ (കണ്ണൻ) എന്നിവരാണ് കസ്റ്റഡിയിലായ ഏജന്റുമാർ.
എളമക്കര സ്വദേശിയുടെ ഭൂമി ക്രയവിക്രയവുമായി ബന്ധപ്പെട്ട ആവശ്യത്തിന് തഹസിൽദാർ ഏജന്റുമാർ മുഖേനെ 10 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു.തുടർന്ന് പരാതിക്കാരനിൽ നിന്ന് 2 ലക്ഷം രൂപ പണമായും 8 ലക്ഷം രൂപയുടെ ചെക്കായും വാങ്ങി കൈമാറുന്നതിനിടെയാണ് വിജിലൻസ് സംഘം ഇവരെ പിടികൂടിയത്. എറണാകുളം വിജിലൻസ് യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ വലയിലായത്

